Join News @ Iritty Whats App Group

മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറുകയോ സെക്രട്ടേറിയേറ്റ് സന്ദര്‍ശിക്കുകയോ ചെയ്യരുത്, കേസിലെ സാക്ഷികളുമായി ഒരു തരത്തിലും ബന്ധപ്പെടരുത് ; കെജ്‌രിവാളിനോട് സുപ്രീംകോടതി


ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും അദ്ദേഹത്തിന് തന്റെ ഓഫീസില്‍ പ്രവേശിക്കുന്നതിനടക്കം കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യം അനുദിച്ചിട്ടുള്ളത്. ജൂണ്‍ രണ്ടിന് തന്നെ തിഹാര്‍ ജയിലധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കടുത്ത ഉപാധികളാണ് കോടതി മുന്നോട്ടുവച്ചിട്ടുള്ളത്.

ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസോ ഡല്‍ഹി സെക്രട്ടേറിയറ്റോ സന്ദര്‍ശിക്കരുതെന്നാണ് ഇതില്‍ പ്രധാനപ്പെട്ട ഉപാധി. ഹര്‍ജിയില്‍ നേരത്തെ വാദംകേള്‍ക്കുമ്പോള്‍ കോടതി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി അദ്ദേഹത്തിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സമൂഹത്തിന് ഭീഷണിയല്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരേ ഉയര്‍ന്നുവന്നിട്ടുള്ളതെന്നും എന്നാല്‍ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും നിരീക്ഷിച്ചു. കേസിലെ സാക്ഷികളുമായി ഒരു തരത്തിലും ബന്ധപ്പെടരുതെന്നും കോടതി കെജ്‌രിവാളിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്റെ റോള്‍ സംബന്ധിച്ച് പ്രതികരണം നടത്തരുതെന്നും ജാമ്യോപാധിയില്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഒരു ഫയലിലും ഒപ്പുവെയ്ക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. അതേസമയം, കേസ് രണ്ടുവര്‍ഷം വൈകിച്ച ഇ.ഡി. നടപടിയേയും കോടതി വിമര്‍ശിച്ചു. കെജ്‌രിവാളിനു ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത ഇ.ഡി, അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

സാധാരണക്കാര്‍ക്കില്ലാത്ത പ്രത്യേകപദവി രാഷ്ട്രീയക്കാര്‍ക്ക് അവകാശപ്പെടാനാവില്ല. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയെന്നതു മൗലികാവകാശമല്ലെന്നും അതിനായി ജാമ്യം നല്‍കുന്ന കീഴ്‌വഴക്കം സൃഷ്ടിക്കുന്നതു തെറ്റായ സന്ദേശം നല്‍കുമെന്നും ഇ.ഡി. വാദിച്ചു. കുറച്ച് ദിവസത്തേക്കാണു കെജ്‌രിവാളിന്റെ മോചനമെന്നും അതുകഴിഞ്ഞാല്‍ അദ്ദേഹം ജയിലിലേക്കുതന്നെ മടങ്ങേണ്ടിവരുമെന്നും ബി.ജെ.പി. പ്രതികരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group