Join News @ Iritty Whats App Group

പഴശ്ശി ഗവ: ആയുർവേദ ആശുപത്രി ഒരു വർഷത്തിനകം തുറക്കും


ട്ടന്നൂര്‍: പഴശ്ശി കന്നാട്ടുംകാവില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ആയുര്‍വേദ ആശുപത്രിയുടെ നിര്‍മാണം ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാകും.

17 കോടി രൂപ ചെലവിലാണ് 50 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കുന്നത്. ആദ്യഘട്ട നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ഹെല്‍ത്ത് സെൻറര്‍ എന്ന നിലയില്‍ നാലു നിലകളുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. രണ്ടുനിലകളുടെ നിര്‍മാണം പൂര്‍ത്തിയായി.

താഴത്തെ നിലയില്‍ ഒ.പി അടക്കമുള്ള സംവിധാനങ്ങളും ഒന്നും രണ്ടും നിലകളില്‍ വാര്‍ഡുകളുമാണ് ഉണ്ടാകുക. കേന്ദ്രപദ്ധതി പ്രകാരം ആദ്യം ഒമ്ബതു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. ഇത് തികയാതെ വന്നതോടെ രണ്ടുകോടി രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഇപ്പോള്‍ കേന്ദ്ര-സംസ്ഥാന വിഹിതമായി ആറു കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്. രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കിക്കഴിഞ്ഞു. 

കെ.കെ. ശൈലജ ആരോഗ്യ മന്ത്രിയായിരുന്ന കാലത്താണ് മട്ടന്നൂരിന്റെ ആരോഗ്യ രംഗത്തിന് കരുത്തേകാന്‍ ആയുര്‍വേദ ആശുപത്രി അനുവദിച്ചത്. ആയുര്‍വേദത്തിന്റെ പരമ്ബരാഗത ചികിത്സരീതികള്‍ക്കൊപ്പം തന്നെ അധുനിക സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുള്ള ചികിത്സ സംവിധാനമാണ് ആശുപത്രിയില്‍ ലഭ്യമാക്കുക. 

മട്ടന്നൂര്‍ നഗരത്തില്‍ സര്‍ക്കാര്‍ സ്‌പെഷാലിറ്റി ആശുപത്രിയുടെ നിര്‍മാണം പുരോഗമിക്കുമ്ബോഴാണ് നാലു കിലോമീറ്റര്‍ അകലെ പഴശ്ശിയില്‍ ആയുര്‍വേദ ആശുപത്രിയും ഒരുങ്ങുന്നത്. ഒരുവര്‍ഷത്തിനകം രണ്ട് ആശുപത്രികളും യാഥ്യാര്‍ഥ്യമാകുന്നതോടെ വിമാനത്താവള നഗരമായ മട്ടന്നൂരില്‍ ചികിത്സരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. കെ.കെ. ശൈലജ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് നിര്‍മാണ പ്രവൃത്തി വിലയിരുത്തി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group