കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു പറയേണ്ടതില്ല… ഫോൺ ഒന്നു നിന്നുപോയാല്‍ അതുമല്ലെങ്കില്‍ ഫോണ്‍ എടുക്കാന്‍ മറന്നുപോയാല്‍ എത്രത്തോളം അസ്വസ്ഥരാകും നമ്മള്. ഒന്നും രണ്ടും സിമ്മുകള്‍ ഉപയോഗിക്കുന്നവരാണ് ഏറെപ്പേരും. എന്നാല്‍ അത്ര സുഖകരമായ കാര്യമല്ല ഇപ്പോള്‍ പുറത്തുവരുന്നത്.
മറ്റൊന്നുമല്ല ഇനി സിമ്മിനെ നിലനിര്‍ത്തിക്കൊണ്ടുപോകുക എന്നത് കുറച്ച് ചെലവേറിയതാകും. അതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്തുചെയ്യാം എത്ര ചാര്‍ജ് കൂട്ടിയാലും റീചാര്‍ജ് ചെയ്യാതിരിക്കാന്‍ നമുക്കാകില്ലല്ലോ… ഇത് അറിയുന്നവരാണ് സ്വകാര്യ സേവനദാതാക്കളും. എത്ര കൂടും അത്രമാത്രമേ അറിയേണ്ടതുള്ളു. തുടര്‍ നടപടികളെല്ലാം അണിയറയില്‍ തയാറായിക്കഴിഞ്ഞു.
സാധാരണക്കാരുടെ ചാര്‍ജ് പോകും
ഇനിയങ്ങോട്ട് സിമ്മുകളെ ‘തീറ്റിപ്പോറ്റൽ’ ചെലവേറിയതാകും. ഇന്ത്യയിലെ ടെലികോം കമ്പനികൾ വൈകാതെ നിരക്കുകളിൽ 20 മുതൽ 25 ശതമാനം വരെ വർധന വരുത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യയിൽ ടെലികോം താരിഫ് നിരക്ക് വർധനയുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. നിങ്ങളുടെ സിം സജീവമാക്കി വയ്ക്കുന്നത് ഇനി പതിവിലേറെ ചെലവേറിയ കാര്യമായി മാറും.
ഇന്ത്യയിൽ അവസാനമായി റീചാർജ് നിരക്കുകൾ ഉയർന്ന് 2021 ഡിസംബറിലായിരുന്നു. അതുകൊണ്ടുതന്നെ പുതിയൊരു താരിഫ് വർധന അനിവാര്യമാണെന്നാണ് ടെലികോം കമ്പനികൾ പറയുന്നത്. നിലവിൽ 150 രൂപയാണ് എയർടെല്ലും ജിയോയും മിനിമം റീചാർജായി ഈടാക്കുന്നത്. 2021ൽ പ്രഖ്യാപിച്ച അടിസ്ഥാന നിരക്കിനേക്കാൾ ഏറെയാണിത്. 99ൽനിന്നാണ് എയർടെൽ അവരുടെ മിനിമം റീചാർജ് ഒറ്റയടിക്ക് 150 ആക്കിയത്. അതുപോലും കുറഞ്ഞ വരുമാനമുള്ളവർക്ക് താങ്ങാവുന്നതായിരുന്നില്ല.
അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ വർധന പ്രതീക്ഷിക്കുന്നതിനാൽ, ഉപയോക്താക്കൾക്ക് അവരുടെ സിം സജീവമായി നിലനിർത്തുന്നതിന് പ്രതിമാസം 180-200 രൂപ നൽകേണ്ടി വന്നേക്കാം. ഇല്ലെങ്കില്‍ ഔട്ട് ഗോയിംഗ് ആദ്യം നില്ക്കും. പിന്നെ പതിവുപോലെ ഇന്‍കമിംഗും.
രണ്ടാമത്തെ സിം ഉപേക്ഷിക്കുമോ…?
വരാനിരിക്കുന്ന താരിഫ് വർധന രണ്ടാമത്തെ സിം നിർജീവമാക്കുന്നതിലേക്ക് ആളുകളെ നയിക്കില്ലെന്നാണ് കന്പനി അധികൃതർ കണക്കുകൂട്ടുന്നത്. അതേസമയം, കഴിഞ്ഞ തവണ നിരക്കുകൾ ഉയർത്തിയപ്പോൾ എയർടെല്ലിനും Vi യ്ക്കും കുറച്ച് വരിക്കാരെ നഷ്ടമായിരുന്നു. ഇത്തവണ അങ്ങനെ സംഭവിക്കില്ലെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. ഹൈ-പേയിംഗ് ഉപയോക്താക്കളിൽ ഭൂരിഭാഗവും ജിയോ, എയർടെൽ വരിക്കാരാണ്.
അതേസമയം ഒരുപാട് ഉപയോക്താക്കൾ വിഐ സിം ഉപയോഗിക്കുന്നുണ്ട്. യഥാർഥത്തിൽ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ ധാരാളം ബദലുകളില്ലാത്ത സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നത്.
താരിഫ് എത്ര എത്തും…?
ജിയോ അല്ലെങ്കിൽ എയർടെൽ പ്രധാന സിമ്മായും ബിഎസ്എൻഎലും വിഐയും സെക്കൻഡറി സിമ്മായും ഉപയോഗിക്കുന്നവരാകും ഏറെയും. താരിഫ് ഉയരുന്നതോടെ രണ്ടാമത്തെ സിം ഉപേക്ഷിക്കുന്ന പ്രവണത വരില്ലെന്നും പറയാനാകില്ല. താരിഫുകളുടെ കാര്യത്തിൽ ഓരോ ടെലികോം കമ്പനിയിൽനിന്നും എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന ധാരണ ഇപ്പോൾ ഉപയോക്താക്കൾക്കുണ്ട്.
അതിനാൽ എത്ര വർധന നടപ്പിലാക്കിയാലും ജിയോ, എയർടെൽ എന്നീ സിമ്മുകൾ ആളുകൾ നിലനിർത്താനാണ് സാധ്യത. സ്വകാര്യ ടെലികോം വിഭാഗത്തിൽ ജിയോ ഏറ്റവും താങ്ങാനാവുന്ന താരിഫ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പ്രീമിയം താരിഫ് സെഗ്മെന്റിൽ എയർടെലും വിഐയുമായിരിക്കും പ്രഥമ പരിഗണനയില്‍ ഉണ്ടാകുക എന്നാണ് അറിയുന്നത്. താരിഫ് എത്രയായിരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴേ സാധാരണക്കാരുടെ ഉറക്കം നഷ്ടപ്പെട്ടുതുടങ്ങിയിട്ടുണ്ട്. താരിഫ് കൂട്ടുമ്പോള്‍ സേവനവും കൂടുമോ എന്ന കാര്യവും മറ്റൊരു വിഷയം.
إرسال تعليق