മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിലെ വ്യാവസായിക മേഖലയിലുണ്ടായ വൻ തീപിടിത്തത്തിൽ മരണം പത്തായി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആംബർ കെമിക്കൽ കമ്പനിയുടെ നാല് ബോയിലറുകൾ പൊട്ടിത്തെറിച്ച് ഇന്നലെയാണ് സ്ഫോടനം നടന്നത്. പ്രദേശത്ത് തുടർച്ചയായി പൊട്ടിത്തെറികളുണ്ടാവുകയായിരുന്നു. വൻ പുകപടലമാണ് പ്രദേശത്ത് നിലനിന്നത്.
സ്‌ഫോടന ശബ്ദം സ്ഥലത്ത് നിന്ന് 3 കിലോമീറ്റർ അകലെ വരെ എത്തിയിരുന്നു. തീപിടിത്തത്തെ തുടർന്ന് രാസവസ്തുക്കൾ അടങ്ങിയ ഡ്രമ്മുകൾ പൊട്ടി സമീപത്തെ വീടുകളുടെ ജനൽ ചില്ലുകളും തകർന്നിരുന്നു. സമീപത്തെ വീടുകളിലേക്കും തീ പടർന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഉച്ചഭക്ഷണ സമയത്താണ് ഫാക്ടറിയിൽ സ്ഫോടനം നടന്നത്. പോലീസും അഗ്നിരക്ഷാസേനയും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് തീയണയ്ക്കാൻ സാധിച്ചത്. അതേസമയം ഫാക്ടറിയിൽ നിന്ന് രക്ഷപെടുത്തിയവരിൽ ചിലർ അത്യാസന്ന നിലയിൽ ആശുപത്രിയിൽ തുടരുകയാണ്. മരണസംഘ്യ ഇനിയും ഉയരുമെന്നാണ് സൂചന.
إرسال تعليق