Join News @ Iritty Whats App Group

‘തിരഞ്ഞെടുപ്പ് പ്രചാരണമായി കണക്കാക്കാനാവില്ല’; പ്രധാനമന്ത്രിയുടെ ധ്യാനം വിലക്കാനാവില്ലെന്ന് കമ്മീഷൻ


കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം വിലക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. മോദി ധ്യാനം നടത്തുന്നത് തിരഞ്ഞെടുപ്പ് പ്രചാരണമായി കണക്കാക്കാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിശദീകരണം. മോദിയുടെ ധ്യാനം വിലക്കണമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മോദി ധ്യാനമിരിക്കുന്നത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ചൂണ്ടികാണിച്ചാണ്‌ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും പരാതി നല്‍കിയിരുന്നത്. എന്നാൽ ധ്യാനം വിലക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ടോടെ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കാൻ എത്തും.

ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മോദി ഹെലികോപ്റ്റർ മാർഗമാണ് കന്യാകുമാരിലേക്ക് പോവുക. കന്യാകുമാരി ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയതിനുശേഷം വിവേകാനന്ദപ്പാറയിൽ നരേന്ദ്രമോദി ധ്യാനം ഇരിക്കും. മൂന്നു ദിവസങ്ങളിലായി 45 മണിക്കൂറാണ് ധ്യാനം. ഒന്നാം തീയതി ഉച്ചകഴിഞ്ഞ് നരേന്ദ്ര മോദി ദില്ലിയിലേക്ക് മടങ്ങിപ്പോകും.

അതേസമയം പ്രധാനമന്ത്രിയുടെ ധ്യാനത്തിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. മോദി ധ്യാനമിരിക്കുന്നത് വ്യകതിപരമായ കാര്യമാണ്. എന്നാൽ രാഷ്ട്രീയ താല്പര്യത്തിന് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് പെരുമാറ്റചട്ട ലംഘനമാണെന്നാണ് കത്തിൽ പറയുന്നത്. തെരഞ്ഞെടുപ്പ് അവസാനിക്കും മുൻപ് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും സിപിഎം പറയുന്നു.
പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് കേരളത്തിലും തമിഴ്‌നാട്ടിലും സുരക്ഷാമുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. കന്യാകുമാരി ജില്ലയിലും ലക്ഷദ്വീപ് കടലിലും സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കും. ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും സംഗമിക്കുന്നിടത്ത് 500 മീറ്ററോളം കടലിലേക്ക് മാറിയാണ് വിവേകാനന്ദപ്പാറ. പരിവ്രാജകനായി ആസേതുഹിമാചലം സഞ്ചരിച്ച സ്വാമി വിവേകാനന്ദന്‍ കന്യാകുമാരിയില്‍ കടല്‍ നീന്തിക്കടന്നാണ് പാറയിലെത്തിയത്. 1892 ഡിസംബര്‍ 25 മുതല്‍ 27 വരെ അദ്ദേഹം ഇവിടെ ധ്യാനനിരതനായി. 1970-ലാണ് ഇവിടെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ സ്വാമി വിവേകാനന്ദന് സ്മാരകം നിര്‍മിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group