തൃശൂർ: കേരള പോലീസില്‍ വനിതാ ഇന്‍സ്പെക്ടര്‍മാര്‍ കൂട്ടത്തോടെ പടിയിറങ്ങുന്നു. 21 പേരാണ് ഈ മാസം വിരമിക്കുന്നത്. ഇതോടെ സേനയില്‍ ശേഷിക്കുന്ന വനിതാ ഇന്‍സ്പെക്ടര്‍മാര്‍ ആറുപേര്‍ മാത്രം.
നിലവില്‍ 27 വനിതാ ഇന്‍സ്പെക്ടര്‍മാരടക്കം 668 ഇന്‍സ്പെക്ടര്‍മാരാണുള്ളത്. ഇവരെ വിവിധ പോലീസ് സ്റ്റേഷനുകളിലും വിജിലന്‍സ്, ക്രൈംബ്രാഞ്ച്, കോസ്റ്റല്‍ തുടങ്ങിയ വിഭാഗങ്ങളിലുമായാണ് നിയമിച്ചിരിക്കുന്നത്. ഇതില്‍ 21 വനിതാ ഇന്‍സ്പെക്ടര്‍മാര്‍ വിരമിക്കുന്നതോടെ സേനയിലെ തലപ്പത്തുള്ള വനിതകളുടെ ശക്തി ഇല്ലാതാകും.
സബ് ഇന്‍സ്പെക്ടര്‍മാർക്കാണ് ഇന്‍സ്പെക്ടര്‍മാരായി പ്രമോഷന് ലഭിക്കുന്നത്. 2018ല്‍ വനിതാ സബ് ഇന്‍സ്പെക്ടര്‍മാരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെങ്കിലും അവർക്കൊന്നും ഇന്‍സ്പെക്ടര്‍മാരായി പ്രമോഷന് ലഭിക്കാറായിട്ടില്ല. നേരത്തേ വനിതകള്‍ക്കു മാത്രമായി പ്രത്യേക വിഭാഗത്തിലൂടെ പ്രമോഷനുകള്‍ പെട്ടെന്ന് ലഭിക്കുമായിരുന്നു. എന്നാല്‍, വനിതാ പോലീസിനെയും ജനറല്‍ സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ പ്രമോഷനും വൈകുകയാണ്.
സേനയില്‍ കൂടുതലുള്ള പുരുഷന്മാർക്കൊപ്പമാണ് വനിതകളെയും കണക്കാക്കുന്നത്. ഇതാണ് വനിതാ ഇന്‍സ്പെക്ടര്‍മാരുടെ എണ്ണം കുറയാന്‍ കാരണം. സമരങ്ങളും മറ്റു പ്രശ്നങ്ങളും വരുമ്പോള്‍ വനിതാ ഇന്‍സ്പെക്ടര്‍മാരുടെ സാന്നിധ്യം ഇല്ലാതാകുന്നതു പോലീസിനു വന്‍ പ്രതിസന്ധിയുണ്ടാക്കും.
സമരങ്ങളില്‍ വനിതകളുടെ സാന്നിധ്യം കൂടുതലായി വരുന്നതിനാല്‍ ഇവരെ അറസ്റ്റ്ചെയ്യാന്‍ വനിതാ ഇന്‍സ്പെക്ടര്‍മാര്‍ വേണമെന്ന നിബന്ധന മാറ്റേണ്ടിവരും. സിവില്‍ പോലീസ് ഓഫീസര്‍മാരായി വനിതകളുണ്ടെങ്കിലും ഇന്‍സ്പെക്ടര്‍ തസ്തികകളില്‍ വനിതകള്‍ ഇല്ലാതാകുകയാണ്.
ഐപിഎസ് തലത്തില്‍ പത്തു വനിതകളാണുള്ളത്. ഒരു ഐജി, രണ്ട് ഡിഐജിമാര്‍, ഏഴ് എസ്പിമാര് എന്നിങ്ങനെ. ഡിവൈഎസ്പിമാരായി വനിതകള്‍ ആരുമില്ല. വയനാട്ടില്‍ ഒരു വനിതാ ഇന്‍സ്പെക്ടര്‍ക്കു ഡിവൈഎസ്പിയുടെ ചാര്‍ജ് നല്‍കിയിട്ടുണ്ടെങ്കിലും അവരും ജൂണില്‍ വിരമിക്കും. ശേഷിക്കുന്ന ആറ് ഇന്‍സ്പെക്ടര്‍മാരില്‍ നാലുപേര്‍ ഡിസംബറില്‍ വിരമിക്കും. നിലവിലുള്ള ആറുപേരില്‍ രണ്ടുപേര്‍ക്കു മാത്രമേ ഡിവൈഎസ്പി റാങ്കില്‍ എത്താന്‍ കഴിയൂ. മറ്റുള്ളവരൊക്കെ അതിനുമുന്പേ വിരമിക്കും.
إرسال تعليق