Join News @ Iritty Whats App Group

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം


കോണ്‍ഗ്രസിനുള്ളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ തീരുമാനത്തില്‍ പുത്തന്‍ മാനങ്ങള്‍ കണ്ട് വേറിട്ട ആക്രമണ ശൈലിയുമായി കളം നിറയുകയാണ് ബിജെപി. റായ്ബറേലിയിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ ചുവടുമാറ്റമാണ് രാഷ്ട്രീയ ആക്രമണത്തിനുള്ള പുത്തന്‍ തുറുപ്പുചീട്ടായി ബിജെപി കണ്ടെത്തിയിരിക്കുന്നത്. ബിജെപിയുടെ ഐടി സെല്‍ വിഭാഗം തലവന്‍ അമിത് മാളവ്യ കോണ്‍ഗ്രസിനുള്ളില്‍ പ്രിയങ്ക ഗാന്ധി തഴയപ്പെടുന്നു പാര്‍ട്ടി പിളരും എന്നിങ്ങനെയൊക്കെയുള്ള കഥകള്‍ക്ക് സൈബര്‍ ഇടത്തില്‍ പ്രമോഷന്‍ നല്‍കാനാണ് അനുയായികളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വ്യക്തം. രാഹുല്‍ ഗാന്ധി ക്യാമ്പ് പ്രിയങ്കയേയും റോബര്‍ട്ട് വദ്രയേയും പാര്‍ശ്വവല്‍ക്കരിക്കുന്നെന്ന് പറഞ്ഞു നരേന്ദ്ര മോദിയ്ക്ക് പിന്നാലെ അമിത് മാളവ്യയും കോണ്‍ഗ്രസില്‍ തമ്മില്‍തല്ലാണെന്ന കണ്ടുപിടുത്തത്തിലാണ്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആക്ഷേപവുമായി ആദ്യം രംഗത്തുവന്നത്. സഹോദരി പ്രിയങ്കയെ രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ അനുവദിക്കാതെ തടയുന്നത് രാഹുലാണെന്ന് പ്രധാനമന്ത്രിയുടെ ആക്ഷേപം ബിജെപി ഐടിസെല്‍ ഏറ്റെടുത്തത് വ്യക്തമാക്കുന്നതാണ് ബിജെപി നേതാവ് അമിത് മാളവ്യയുടെ രാഹുല്‍ ഗാന്ധി ക്യാമ്പ് റോബര്‍ട്ട് വദ്രയെ അമേഠിയില്‍ അവഗണിച്ചുവെന്ന പ്രതികരണം. വദ്ര അമേഠി സീറ്റ് ആഗ്രഹിച്ചിട്ടും ഉത്തര്‍പ്രദേശില്‍ തനിക്കുള്ള പോപ്പുലാരിറ്റി വ്യക്തമാക്കിയിട്ടും അമേഠിയില്‍ വദ്രയെ രാഹുല്‍ ടീം പരിഗണിച്ചില്ലെന്നാണ് അമിത് മാളവ്യ പറഞ്ഞത്.


അമേഠിയില്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ കിഷോരി ലാല്‍ ശര്‍മ്മ നാമനിര്‍ദേശ പത്രിക നല്‍കിയതിന് പിന്നാലെയാണ് ബിജെപി ടീം കളം മാറ്റി ചവിട്ടയത്. അതുവരെ ഗാന്ധി കുടുംബത്തിന്റെ കുടുംബവാഴ്ചയായിരുന്നു ബിജെപി പ്രചാരണത്തിന് ഉപയോഗിച്ചിരുന്നത്. പ്രിയങ്കയും വദ്രയുമെല്ലാം രാഷ്ട്രീയത്തില്‍ വരുമെന്നും തലമുറകളായുള്ള കുടുംബ വാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇല്ലാതാക്കുമെന്നെല്ലാം പറഞ്ഞവര്‍ ഇപ്പോള്‍ അയ്യോ വദ്രയേയും പ്രിയങ്കയേയും ഒഴിവാക്കി അവഗണിക്കുന്നേ എന്നാണ് പറയുന്നത്. ഒപ്പം പ്രിയങ്ക ഗാന്ധി ഉടന്‍ തന്നെ തന്റെ സഹോദരന്റെ നേതൃത്വത്തനെതിരെ കലാപ കൊടി ഉയര്‍ത്തുമെന്ന ഗൂഢാലോചനാ സിദ്ധാന്തവും ബിജെപിയുടേതായുണ്ട്.

`‘അമേഠിയില്‍ വലിയ ജനപ്രീതി അവകാശപ്പെട്ടിട്ടും സീറ്റിനായി അവഗണിക്കപ്പെട്ട റോബര്‍ട്ട് വാദ്രയ്ക്കായി ഒരു നിമിഷം മാറ്റിവയ്ക്കൂ. രാഹുല്‍ ഗാന്ധി ക്യാമ്പ് ആസൂത്രിതമായി പ്രിയങ്ക വദ്രയെയും അവരുടെ ഭര്‍ത്താവിനെയും കോണ്‍ഗ്രസില്‍ ഒതുക്കുന്നുവെന്നത് വ്യക്തമാണ്. സഹോദരി കലാപത്തിനിറങ്ങുന്നത് ഇനി എത്ര വൈകും?'`

ഇങ്ങനെയാണ് അമിത് മാളവ്യയുടെ എക്‌സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റ്. എന്തായാലും ബിജെപിയ്‌ക്കൊപ്പം പോയ പഴയ കോണ്‍ഗ്രസുകാരും പലവിധ ഗൂഢാലോചന തിയറികളുമായി രംഗത്ത് വന്നതോടെ സെബര്‍ ഇടത്തില്‍ പ്രിയങ്കയുടെ കലാപത്തിന് വലിയ മാര്‍ക്കറ്റ് കിട്ടുന്നുണ്ട്. എന്തായാലും കുടുംബ വാഴ്ച മാറ്റിപ്പിടിച്ച് വീണിടം വിദ്യയാക്കി പുതിയ തന്ത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവ് പോലെ തുടക്കമിട്ടതോടെ ബിജെപി ഐടി സെല്‍ ഏറ്റുപിടിച്ചിരിക്കുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group