Join News @ Iritty Whats App Group

കല്ലടയാറ്റിലെ കുത്തൊഴുക്കില്‍പ്പെട്ട് പത്ത് കിലോമീറ്റര്‍; ശ്യാമളയമ്മയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത് വള്ളിപ്പടര്‍പ്പ്


കല്ലടയാറ്റിലെ കുത്തൊഴുക്കില്‍ കോരിച്ചൊരിയുന്ന മഴയത്ത് ശ്യാമളയമ്മ പത്ത് കിലോമീറ്റര്‍ ഒഴുകി തിരികെ കയറിയത് രണ്ടാം ജന്മത്തിലേക്ക്.
കൊല്ലത്ത് കല്ലടയാറ്റില്‍ തുണി കഴുകുന്നതിനിടെയാണ് കാല്‍ വഴുതി കുളക്കട മനോജ് ഭവനില്‍ ശ്യാമളയമ്മ ഒഴുക്കില്‍പ്പെടുന്നത്. ശ്യാമളയമ്മ ഒഴുകി പോകുന്നത് നിസഹായരായി നോക്കി നിന്നവരാരും അവര്‍ക്ക് ജീവനുണ്ടെന്ന് വിശ്വസിച്ചില്ല.

മണിക്കൂറുകള്‍ക്കിപ്പുറം പത്ത് കിലോമീറ്റര്‍ ദൂരെ നിന്ന് വള്ളിപ്പടര്‍പ്പില്‍ കുരുങ്ങിയ നിലയിലാണ് 64കാരിയായ ശ്യാമളയമ്മയെ കണ്ടെത്തിയത്. വള്ളികളില്‍ തടഞ്ഞുനിന്നതോടെ ശ്യാമളയമ്മയുടെ നിലവിളി കേട്ടെത്തിയ പരിസരവാസികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വീടിന് സമീപത്തെ കടവില്‍ തുണി അലക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

കനത്ത മഴയെ തുടര്‍ന്ന് കല്ലടയാറ്റിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നതിനാല്‍ ഒഴുക്കും ശക്തമായിരുന്നു. മലര്‍ന്ന് കിടന്ന നിലയില്‍ ഒഴുക്കില്‍പ്പെട്ട ശ്യാമളയമ്മ മൂന്ന് പാലങ്ങള്‍ പിന്നിട്ടാണ് ചെറുപൊയ്ക മംഗലശ്ശേരി കടവിനു സമീപത്തെ വള്ളിപ്പടര്‍പ്പില്‍ കുടുങ്ങിയത്. ചെട്ടിയാരഴികത്ത്, ഞാങ്കടവ്, കുന്നത്തൂര്‍ പാലങ്ങള്‍ പിന്നിട്ടിരുന്നതായി ശ്യാമളയമ്മ പൊലീസിനോടും നാട്ടുകാരോടും പറഞ്ഞു.

ഇതിനിടയില്‍ ശ്യാമള ഒഴുകി പോകുന്നത് പലരും കണ്ടെങ്കിലും ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് നോക്കി നില്‍ക്കാനെ സാധിച്ചുള്ളൂ. വെള്ളത്തില്‍ മലര്‍ന്ന് കിടന്ന നിലയിലുള്ള ശ്യാമളയമ്മയ്ക്ക് ജീവനുണ്ടെന്ന് ആരും വിശ്വസിച്ചതുമില്ല. മംഗലശ്ശേരി കടവിന് സമീപം താമസിക്കുന്ന ദീപയും സൗമ്യയുമാണ് ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയത്.

തുടര്‍ന്ന് വള്ളിപ്പടര്‍പ്പില്‍ കുരുങ്ങിക്കിടന്ന ശ്യാമളയമ്മയെ പരിസരവാസികളുടെ സഹായത്തോടെ കരയ്‌ക്കെത്തിക്കുകയായിരുന്നു. നീന്തല്‍ അറിയാത്ത വീട്ടമ്മ പത്ത് കിലോമീറ്ററോളം ഒഴുകി പോയിട്ടും രക്ഷപ്പെട്ടത്. ആശുപത്രിയിലെത്തിച്ച വീട്ടമ്മയ്ക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group