Join News @ Iritty Whats App Group

സ്റ്റോപ്പുകളിൽ നിന്ന് ആളെക്കയറ്റുന്നു, തോന്നിയ പോലെ ടിക്കറ്റ്; അന്തർസംസ്ഥാന സ്വകാര്യ ബസുകൾക്കെതിരെ കെഎസ്ആർടിസി


കണ്ണൂർ: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് സ്വകാര്യ ബസുകൾക്കെതിരെ കെ.എസ്.ആർ.ടി.സി. രാത്രി സർവീസുകളിൽ നിയമം ലംഘിച്ച് സ്റ്റോപ്പുകളിൽ നിന്ന് ആളെ കയറ്റുന്നുവെന്ന് ആർ.ടി.ഓയ്ക്ക് പരാതി നൽകി. വലിയ വരുമാന നഷ്ടം ഇതിലൂടെ കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ബംഗളൂരുവിലേക്കുള്ള സർവീസുകളിലാണ് കെ.എസ്.ആർ.ടി.സിയുടെ പരാതി. നിരവധി സ്വകാര്യ ബസുകൾ തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്നുണ്ട്. എല്ലാം കോൺട്രാക്ട് കാര്യേജ് വ്യവസ്ഥയിലാണ്. ഈ ബസുകൾ റിസർവേഷനില്ലാതെ സ്റ്റോപ്പുകളിൽ നിർത്തി ആളെ കയറ്റരുതെന്നാണ് ചട്ടം. എന്നാൽ ഇത് നിരന്തരം ലംഘിക്കുന്നുവെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പരാതി.

കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് അനുസരിച്ച് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരുടെ പേര് ഉൾപ്പെടുത്തി ചാർട്ട് തയ്യാറാക്കിയ ശേഷം ആ ചാർട്ടിൽ പേരുള്ള ആളുകളെ മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ. എന്നാൽ ഇങ്ങനെ അല്ലാത്ത ധാരാളം ആളുകൾ ഇത്തരം ബസുകളിൽ യാത്ര ചെയ്യുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സി തലശ്ശേരി സ്റ്റേഷൻ മാസ്റ്റ‍ർ സുനോജ് പറയുന്നു. ലൈൻ ബസുകൾ പോലെ ഓരോ സ്റ്റോപ്പിൽ നിന്നും കൈകാണിക്കുന്നവരെ കയറ്റിക്കൊണ്ട് പോകുന്നുവെന്നും ആരോപണമുണ്ട്. 

തിരക്ക് കുറവുള്ള ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഇങ്ങനെ സ്വകാര്യ ബസുകൾ നിരക്ക് കുറച്ച് ആളെ കയറ്റുന്നതെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ ആരോപിക്കുന്നു. ഇതേ റൂട്ടിൽ സർവീസുകളുള്ള കെ.എസ്.ആർ.ടി.സി ബസുകൾ കാലിയായി ഓടും. തിരക്കുള്ള ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി ഈടാക്കുന്നിതിന്റെ നാലും അഞ്ചും ഇരട്ടി തുക യാത്രക്കാരിൽ നിന്ന് ഈടാക്കും. തിരക്ക് കുറഞ്ഞ ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ തുകയ്ക്കും ആളുകളെ കൊണ്ടുപോകുമെന്ന് സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു. ഈ സാഹചര്യത്തിൽ അനധികൃതമായ സ്റ്റേജ് കാര്യേജ് സർവീസുകൾ നിർത്തലാക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പിനോട് കെ.എസ്.ആർ.ടി.സിയുടെ ആവശ്യം.

Post a Comment

أحدث أقدم
Join Our Whats App Group