കൊച്ചി: പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. ഗര്‍ഭം ആഗ്രഹിച്ചിരുന്നില്ലെന്നാണ് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ പൊലീസിന് നല്‍കിയ മൊഴി. ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയാണെന്നും ഗര്‍ഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നുവെന്നുമാണ് യുവതി പറയുന്നത്.
കുഞ്ഞിനെ എങ്ങനെ കൊലപ്പെടുത്തണമെന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നുവെന്നും നേരത്തെയും അബോര്‍ഷന് ശ്രമിച്ചിരുന്നുവെന്നുമാണ് മൊഴി. ശിശുവിനെ വലിച്ചെറിയാനുള്ള ചിന്ത യുവതിയുടെ അപക്വമായ മനസാണു കാണിക്കുന്നതെന്നു പോലീസ്. എന്നാല്‍, ഇതു പെട്ടെന്നെടുത്ത തീരുമാനമല്ല. പൊക്കിള്‍ കൊടി മുറിയ്ക്കുന്നതും മറ്റും യൂട്യൂബ് നോക്കി മനസിലാക്കിയെന്നാണു യുവതി പറയുന്നത്.
ഗര്‍ഭിണിയാണെന്ന് മാതാപിതാക്കളോട് പറയാന്‍ യുവതിക്ക് ധൈര്യമുണ്ടായിരുന്നില്ല. മകള്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞില്ലെന്ന മാതാപിതാക്കളുടെ മൊഴി പോലീസ് തള്ളിക്കളയുന്നില്ല. അവര്‍ അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഈ വിധത്തില്‍ കൈകാര്യം ചെയ്യില്ലായിരുന്നുവെന്നതാണു കാരണം. യുവതി ഗര്‍ഭിണിയായത് ആണ്‍സുഹൃത്തിന് അറിയാമായിരുന്നു.
പിന്തുണ ലഭിക്കാത്തത് കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കി. ആണ്‍ സുഹൃത്തുമായി ആഴത്തില്‍ പ്രണയം ഉണ്ടായിരുന്നില്ല. ഗര്‍ഭിണി ആണെന്നറിഞ്ഞതോടെ ബന്ധം സൂക്ഷിക്കാന്‍ ആണ്‍സുഹൃത്ത് തയ്യാറായില്ലെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെ മൊഴി എതിരാണെങ്കില്‍ മാത്രം ആണ്‍ സുഹൃത്തിനെതിരെ കേസെടുക്കാനാണ് നിലവില്‍ അന്വേഷണസംഘം ഉദ്ദേശിക്കുന്നത്.
യുവാവിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ മൊഴിയില്‍ ഇല്ല. യുവാവിനെ പരിചയമുണ്ടെന്ന് മാത്രമാണ് യുവതി പറഞ്ഞിരിക്കുന്നത്. ഇതിനാല്‍ തന്നെ യുവതിയില്‍ നിന്നും വീണ്ടും മൊഴിയെടുത്ത് ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടാനാണ് പൊലീസ് നീക്കം.
إرسال تعليق