Join News @ Iritty Whats App Group

വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് വാഗ്ദാനം; ജോലി തുടങ്ങിയ വീട്ടമ്മയ്ക്ക് നാല് ദിവസം കൊണ്ട് നഷ്ടം 54 ലക്ഷം


മുംബൈ: ഓൺലൈൻ തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയ വീട്ടമ്മയ്ക്ക് നാല് ദിവസം കൊണ്ട് 54 ലക്ഷം രൂപ നഷ്ടമായതായി പരാതി. നവി മുംബൈ എയ്റോളിയിൽ താമസിക്കുന്ന 37 വയസുകാരിയായ ഗർഭിണിയായ യുവതിയാണ് വീട്ടിലിരുന്ന് ജോലി ചെയ്ത് പണം സമ്പാദിക്കാനുള്ള അവസരം തിരഞ്ഞ് കെണിയിൽ വീണത്. പ്രസവ അവധിയിലായിരുന്ന യുവതി, ഈ സമയം വീട്ടിലിരുന്ന് ജോലി ചെയ്ത് അധിക വരുമാനമുണ്ടാക്കാനാവുമോ എന്ന് അന്വേഷിച്ചാണ് തട്ടിപ്പിൽ ചെന്നു പതിച്ചത്.

ഫ്രീലാൻസ് ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പുകാർ യുവതിയുമായി ബന്ധപ്പെട്ടു. കമ്പനികളെയും റസ്റ്റോറന്റുകളെയും റേറ്റ് ചെയ്യുന്നത് പോലുള്ള ചില ലളിതമായ ജോലികളാണ് സംഘം നൽകിയത്. അഞ്ച് ടാസ്കുകൾ തീർത്ത് കഴിയുമ്പോൾ നിശ്ചിത തുക പ്രതിഫലമായി നൽകുമെന്ന് വാഗ്ദാനം ചെയ്തു.

വാഗ്ദാനങ്ങൾ വിശ്വസിച്ച യുവതി ജോലി ചെയ്യാൻ ആരംഭിച്ചു. പിന്നീടാണ് ഇവരുടെ നിർദേശ പ്രകാരം പല ബാങ്ക് അക്കൗണ്ടുകളിലായി 54,30,000 രൂപ ട്രാൻസ്ഫ‍ർ ചെയ്തു കൊടുത്തത്. മേയ് ഏഴിനും പത്തിനും ഇടയിലാണ് ഇത്രയും തുക നൽകിയതെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നു. എന്നാൽ പിന്നീട് ഇവരെ ആരെയും ബന്ധപ്പെടാൻ സാധിക്കാതെ വന്നു. ഇതിന് പിന്നാലെ നവി മുംബൈ സൈബർ പൊലീസ് സ്റ്റേഷനിലെത്തി കേസ് രജിസ്റ്റർ ചെയ്തു. 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐടി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം അജ്ഞാതരായ നാല് വ്യക്തികൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസ് അന്വേഷണം തുടരുകയാണ്. ഓൺലൈൻ ജോലികൾ അന്വേഷിച്ച് തട്ടിപ്പിൽ പെടുന്ന സംഭവങ്ങൾ വ‍ർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group