തിരുവനന്തപുരം: കാലവര്‍ഷം കേരളത്തിലേക്ക് അടുത്തുകൊണ്ടിരിക്കെ തന്നെ സംസ്ഥാനത്ത് പരക്കെ മഴ. ഇന്നലെ രാത്രിമുതല്‍ കേരളത്തിന്റെ മിക്കയിടങ്ങളിലും കനത്തമഴയാണ്. തിരുവനന്തപുരത്തും കൊല്ലത്തും കൊച്ചയിലും മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കനത്ത മഴയാണ്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ട് അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരാള്‍ മരണപ്പെടുകയും ചെയ്തു. നെയ്യാറ്റിന്‍കരയിലും വര്‍ക്കലയിലും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായി തന്നെ മഴ പെയ്യുന്നുണ്ട്. ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊല്ലത്ത് കുണ്ടറ ചീരങ്കാവിന് സമീപമാണ് ദേശീയപാതയില്‍ മരം മറിഞ്ഞുവീണത്. കൊച്ചിയില്‍ തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താംക്ലാസ്സുകാരന്‍ മരണമടഞ്ഞു.
ഐക്കരക്കുടി ഷൈബിന്റെ മകന്‍ എല്‍ദോസ് ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അപകടം. കൊച്ചിയില്‍ രണ്ടുമണിക്കൂറായി ഇടവേളയില്ലാത്ത മഴ പെയ്യുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിനടിയിലായി. റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ട്. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം 31ന് കേരളത്തില്‍ എത്തുമെന്നു കാലാവസ്ഥാ ഗവേഷണ കേന്ദ്രം. രാജ്യമൊട്ടാകെ മികച്ച മണ്‍സൂണിനാകും ഇക്കുറി സാധ്യത. 106 ശതമാനമായിരിക്കും മഴ ലഭിക്കുക. ഇതില്‍ നാലു ശതമാനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു.
തെക്കേ ഇന്ത്യയില്‍ 106 ശതമാനവും രാജ്യത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്ത് 92 മുതല്‍ 108 ശതമാനവും രാജ്യത്തിന്റെ വടക്കു കിഴക്ക് ഭാഗത്ത് 94 ശതമാനത്തില്‍ കുറവുമാണു മഴ പ്രതീക്ഷിക്കുന്നത്. ചില മേഖലകളിലൊഴികെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പതിവിലും കൂടിയ മഴ ഇക്കുറിയുണ്ടാകും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണു മണ്‍സൂണ്‍ സീസണ്‍. എല്‍നിനോ പ്രതിഭാസം നിര്‍വീര്യമാകുകയും കടല്‍ തണുക്കുന്ന ലാനിന പ്രതിഭാസം മണ്‍സൂണിന്റെ രണ്ടാംഘട്ടത്തില്‍ ഉണ്ടാകുകയും ചെയ്യും. ഇത് മണ്‍സൂണ്‍ മഴ ശക്തിപ്പെടുത്തുമെന്നു കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു.
إرسال تعليق