കരിപ്പൂരില്‍ നിന്ന് എയർ ഇന്ത്യാ എക്‌സ്പ്രസ്സും മറ്റ് രണ്ട് എംബാർക്കേഷൻ പോയിന്റുകളില്‍ നിന്ന് സഊദി എയർലൈൻസുമാണ് സർവീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് 166 പേർക്ക് വീതം യാത്ര ചെയ്യാവുന്ന 59 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. അടുത്ത മാസം ഒമ്ബത് വരെയുള്ള എല്ലാ സർവീസുകളും ജിദ്ദയിലേക്കാണ്. വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്കായി ആവശ്യമായ അധിക ഷെഡ്യൂളുകളും ക്രമീകരിക്കും. ജൂലൈ ഒന്നിന് മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുന്നത്.
ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂർ ഹജ്ജ് ക്യാമ്ബില്‍ ഒരുക്കുന്നത്. ഇതിനായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ച് പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഹജ്ജ് ഹൗസിന്റെ മുറ്റത്ത് പന്തല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ ജോലി അവസാനഘട്ടത്തിലാണ്. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത വനിതാ ബ്ലോക്കും പ്രവർത്തനസജ്ജമായി. വിമാനത്താവളത്തിലും ഹാജിമാർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷൻ നടപടികള്‍ വേഗത്തിലാക്കാൻ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും. ഹാജിമാർ നേരിട്ട് വിമാനത്താവളത്തിലെത്തി എയർ ഇന്ത്യ എക്‌സ്പ്രസ്സ് കൗണ്ടറില്‍ ലഗേജ് കൈമാറിയ ശേഷമാണ് ഹജ്ജ് ക്യാമ്ബിലേക്ക് എത്തേണ്ടത്.
ക്യാമ്ബിന്റെ അവസാനഘട്ട സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസർ കൂടിയായ മലപ്പുറം ജില്ലാ കലക്ടർ വി ആർ വിനോദിന്റെ അധ്യക്ഷതയില്‍ ഹജ്ജ് ഹൗസില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപന യോഗം ചേർന്നു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി ടി എ റഹീം എം എല്‍ എ.അഡ്വ. പി മൊയ്തീൻകുട്ടി, ഉമർ ഫൈസി മുക്കം, ഡോ. ഐ പി അബ്ദുസ്സലാം, കെ പി സുലൈമാൻ ഹാജി, മുഹമ്മദ് ഖാസിം കോയ പൊന്നാനി, പി പി മുഹമ്മദ് റാഫി, പി ടി അക്ബർ, ഹജ്ജ് സെല്‍ സ്‌പെഷ്യല്‍ ഓഫീസർ യു അബ്ദുല്‍ കരീം, അസ്സിസ്റ്റന്റ്സെക്രട്ടറി എൻ മുഹമ്മദലി പങ്കെടുത്തു.
വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ക്ക് പുറമെ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി മിനി ആന്റണിയും കണ്ണൂർ, എറണാകുളം ജില്ലാ ഭരണകൂടങ്ങളുടെ പ്രതിനിധികളും ഓണ്‍ലൈനായി യോഗത്തില്‍ സംബന്ധിച്ചു. തുടർന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ ഹജ്ജ് കമ്മിറ്റി യോഗം ചേർന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി.
إرسال تعليق