Join News @ Iritty Whats App Group

വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബാങ്കിന് അധികാരമില്ല: ഹൈക്കോടതി


മുംബൈ: വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് അധികാരമില്ലെന്ന് ബോംബെ ഹൈക്കോടതി. ഇത്തരത്തില്‍ ബാങ്കുകള്‍ പുറപ്പെടുവിച്ച എല്ലാ ലുക്ക് ഔട്ട് നോട്ടീസുകളും ഹൈക്കോടതി റദ്ദാക്കി.

വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് എതിരെ ബാങ്ക് മേധാവികള്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാമെന്ന, കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേലും മാധവ് ജാംദാറും അടങ്ങിയ ബെഞ്ച് വിലയിരുത്തി. വിധി മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യുന്നതിനായി സ്‌റ്റേ അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു.

ലുക്ക് ഔട്ട് നോട്ടീസ് വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്. ബാങ്കുകള്‍ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസുകള്‍ ഇമിഗ്രേഷന്‍ ബ്യൂറോ പരിഗണിക്കേണ്ടതില്ലെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം വായ്പ തിരിച്ചടയ്ക്കാത്തവര്‍ വിദേശത്തേക്കു കടക്കുന്നതു തടയാന്‍ ക്രിമിനല്‍ കോടതികളോ ട്രൈബ്യൂണലോ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസുകള്‍ക്ക് ഇതു ബാധകമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group