Join News @ Iritty Whats App Group

സൈക്കിള്‍ പോളോയില്‍ മത്സരിക്കാന്‍ നാഗ്പൂരിലെത്തിയ നിദാഫാത്തിമയുടെ ദുരൂഹമരണം ; നടപടിയോ പ്രഖ്യാപിച്ച സഹായമോ കിട്ടിയില്ല ; വിദ്യാര്‍ഥിനിയുടെ പിതാവ് സര്‍ക്കാരിനെതിരേ രംഗത്ത്


അമ്പലപ്പുഴ: കേരളത്തിനു വേണ്ടി സൈക്കിള്‍ പോളോയില്‍ മത്സരിക്കാന്‍ നാഗ്പൂരിലെത്തി ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ വിദ്യാര്‍ഥിനിയുടെ പിതാവ് സര്‍ക്കാരിനെതിരേ രംഗത്ത്. അമ്പലപ്പുഴ കാക്കാഴം സുഹ്‌റാ മന്‍സില്‍ ഷിഹാബുദീന്‍-അന്‍സില ദമ്പതികളുടെ മകള്‍ 11 വയസുകാരി നിദാ ഫാത്തിമയുടെ പിതാവ് ഷിഹാബുദീനാണ് സംസ്ഥാന സര്‍ക്കാരിനും കായികമന്ത്രി അബ്ദു റഹ്മാനും എച്ച്. സലാം എം.എല്‍.എയ്ക്കുമെതിരേ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്.

മരണത്തിനുത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നിദാ ഫാത്തിമയുടെ വീട്ടിലെത്തിയും നിയമ സഭയിലും കായിക മന്ത്രി അബ്ദു റഹ്മാന്‍ ഉറപ്പ് നല്‍കിയിരുന്നു. അന്വേഷണം കാര്യക്ഷമമാക്കാന്‍ കേന്ദ്ര കായിക മന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നിവര്‍ക്ക് കത്തയച്ചിരുന്നുവെന്നും മന്ത്രി സബ്മിഷനുള്ള മറുപടിയില്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാനോ പ്രഖ്യാപിച്ച സഹായം ലഭ്യമാക്കാനോ സര്‍ക്കാരിനു കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് പിതാവ് ഷിഹാബുദീന്‍ സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിച്ചു രംഗത്തെത്തിയത്.

2022 ഡിസംബര്‍ 22-നാണ് നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ കേരളാ ടീം അംഗമായ നിദാ ഫാത്തിമ മരണപ്പെട്ടത്. നീര്‍ക്കുന്നം എസ്.ഡി.വി. ഗവ. യു.പി സ്‌കൂളിലെ 5-ാം ക്ലാസ് വിദ്യാര്‍ഥിനി നിദാ ഫാത്തിമ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണു നാഗ്പൂരില്‍ നടക്കുന്ന ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പരിശീലകനൊപ്പം യാത്ര തിരിച്ചത്. കടയില്‍നിന്നു ഭക്ഷണം കഴിച്ച ശേഷം കടുത്ത ഛര്‍ദ്ദിയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഇവിടെ വച്ച് കുത്തിവയ്പ്പ് എടുക്കുകയും തുടര്‍ന്ന് നില വഷളാവുകയുമായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് ആശുപത്രിയില്‍നിന്നു ലഭിച്ച വിവരം.

ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനെത്തിയ നിദയടക്കമുള്ള കേരള താരങ്ങള്‍ നേരിട്ടത് കടുത്ത അനീതിയാണെന്ന് പരാതി ഉയര്‍ന്നിരുന്നതാണ്. കോടതി ഉത്തരവിലൂടെയാണ് നിദയുള്‍പ്പെട്ട സംഘം മത്സരത്തിനു പോയത്. മരണം സംഭവിച്ചിട്ട് ഒന്നേകാല്‍ വര്‍ഷം പിന്നിട്ടപ്പോഴാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കുടുംബത്തിന് ലഭിച്ചത്. മരണ കാരണം വ്യക്തമല്ലാത്ത പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെതിരേ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ കുടുംബവും സമര സമിതിയും തീരുമാനിച്ചിരുന്നു.

ശ്വാസകോശത്തില്‍ നീര്, ഹൃദയ പേശിയില്‍ വീക്കം എന്നിവയും കുടലില്‍ തടസമുണ്ടായതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അണുബാധ, അലര്‍ജി പരിശോധനകളുടെ ഫലം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. മരണ കാരണം കുത്തിവയ്പാണോ എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ മരണ കാരണം വ്യക്തമായി രേഖപ്പെടുത്താത്ത സാഹചര്യത്തില്‍ വിദഗ്ധാഭിപ്രായം തേടുന്നതിന് മെഡിക്കല്‍ ബോര്‍ഡിനെ സഹായിക്കാന്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അപേക്ഷ നല്‍കാനാണു ബന്ധുക്കളുടെയും സമര സമിതിയുടെയും തീരുമാനം. കുടുംബത്തിന് സ്ഥലവും വീടും ലഭ്യമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും പാഴായി.

Post a Comment

أحدث أقدم
Join Our Whats App Group