പാനൂർ:പാനൂരില്‍ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ സി.പി.എം പ്രവർത്തകനായ യുവാവ് മരിച്ച സംഭവത്തില്‍ നാലു പേർ കസ്റ്റഡിയില്‍. അരുൺ, അതുൽ, ഷികിൽ ലാൽ, സായൂജ് ആണ് കസ്റ്റഡിയിലുള്ളത്. ഇതിൽ സായൂജ് കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് വെച്ചാണ് പിടിയിലായത്. സ്ഫോടനം നടന്ന സ്ഥലത്ത് ഇവർ ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
അരുണ്‍ ആണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.
വെള്ളിയാഴ്ച പുലർച്ച ഒരു മണിയോടെയാണ് പാനൂർ മുളിയാത്തോട് മാവുള്ള ചാലില്‍ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ സി.പി.എം പ്രവർത്തകനായ യുവാവ് മരിച്ചത്. നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ ബോംബ് നിർമിച്ച മുളിയാത്തോട് കാട്ടിന്റവിട (എലികൊത്തിന്റവിട) ഷറിലാണ് (31) മരിച്ചത്. ഗുരുതര പരിക്കേറ്റ മുളിയാത്തോട് വലിയപറമ്ബത്ത് വിനീഷ് (39) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഷറിലിന്റെ വയറിനും ചെവിക്കുമാണ് ഗുരുതര പരിക്ക്. വിനീഷിന്റെ ഇരുകൈകളും അറ്റുതൂങ്ങിയ നിലയിലാണ്. സ്ഫോടന ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ മറ്റ് രണ്ടുപേർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടുതല്‍ പേർക്ക് പരിക്കുണ്ടെങ്കിലും ഇവർ എവിടെയാണ് എന്ന് വ്യക്തമല്ല.
വിവരമറിഞ്ഞ് കൂത്തുപറമ്ബ് എ.സി.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പ്രദേശത്തുനിന്ന് പൊട്ടാത്ത ഏതാനും ബോംബുകള്‍ കണ്ടെത്തി നിർവീര്യമാക്കി.
സംഭവസമയത്ത് 10ഓളം പേർ സ്ഥലത്തുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം. മരിച്ച ഷറില്‍ സി.പി.എമ്മുകാരനാണെങ്കിലും നേതൃത്വം നിഷേധിച്ചു. സി.പി.എമ്മുകാരെ മർദിച്ചതിന് ഉള്‍പ്പെടെ ഷറിലിന്റെയും വിനീഷിന്റെയും പേരില്‍ നിരവധി കേസുകളുണ്ട്. സാമൂഹ മാധ്യമങ്ങളിലടക്കം ഇവർ സി.പി.എമ്മിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഗുരുതരമായി പരിക്കേറ്റ വിനീഷിന്റെ പിതാവ് മാവുള്ള ചാലില്‍ വലിയപറമ്ബത്ത് നാണു പ്രാദേശിക സി.പി.എം നേതാവാണ്.
إرسال تعليق