Join News @ Iritty Whats App Group

സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു ; മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് മോദി


ന്യൂഡല്‍ഹി: ഒടുവില്‍ ദീര്‍ഘനാളായി പ്രതിപക്ഷം ഉയര്‍ത്തുന്ന ആക്ഷേപത്തിന് തെരഞ്ഞെടുപ്പ് കാലത്ത് മറുപടി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരില്‍ കേന്ദ്രസര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്‌തെന്നും കേന്ദ്രത്തിന്റെ ഇടപെടല്‍ മൂലം മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി മണിപ്പൂരില്‍ തമ്പടിച്ച് പ്രവര്‍ത്തിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആസ്സാം ട്രിബ്യൂണ്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കലാപകലുഷിതമായ മേഖലയില്‍ ഏറ്റവും മികച്ച സാഹചര്യം സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പണത്തോടെയാണ് ഇടപെട്ടത്. മണിപ്പൂരിലെ പ്രശ്‌നം പരിഹരിക്കുക എന്നത് സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വമായിരുന്നു. സമയാസമയത്ത് തന്നെ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുകയും ചെയ്തതായും പറഞ്ഞു. കേന്ദ്രത്തിന്റെ വേണ്ട സമയത്തുള്ള ഇടപെടല്‍ കൊണ്ടാണ് സംസ്ഥാന സര്‍ക്കാരിനും കാര്യങ്ങള്‍ മികച്ചതാക്കാന്‍ കഴിഞ്ഞത്.

കലാപം അതിന്റെ ഏറ്റവും മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ ആഭ്യന്തരമന്ത്രി അമിത്ഷാ മണിപ്പൂരില്‍ തമ്പടിച്ച് പ്രവര്‍ത്തിച്ചു. 15 ലധികം മീറ്റിംഗുകളാണ് അമിത്ഷാ മണിപ്പൂരില്‍ നടത്തിയത്. പ്രശ്‌നം പരിഹരിക്കാന്‍ ഇതും തുണയായെന്നും പറഞ്ഞു. മണിപ്പൂരില്‍ അതിശക്തമായ വംശീയ കലാപം ഉടലെടുക്കുകയും സ്ഥാപനങ്ങളും മറ്റും തകര്‍ക്കുകയും ചെയ്തിട്ട് പ്രധാനമന്ത്രി നിശബ്ദമായിട്ട് ഇരിക്കുകയാണെന്നായിരുന്നു ആക്ഷേപം.

Post a Comment

أحدث أقدم
Join Our Whats App Group