Join News @ Iritty Whats App Group

വിവാഹ സൽക്കാരത്തിന് പോയ യാത്ര അന്ത്യ യാത്രയായി;'പാളത്തിലേക്ക് ഇറങ്ങരുതെന്ന് പാത്തേയി, പക്ഷെ കേട്ടത് വൈകി പോയി'; മകൾക്കും കൊച്ചുമകൾക്കും ദാരുണാന്ത്യം


കോഴിക്കോട്: ഏറെ സന്തോഷത്തോടെയാണ് ഒളവണ്ണ മാത്തറ സ്വദേശിനിയായ പാത്തേയിയും മകള്‍ നസീമയും (42), കൊച്ചുമകള്‍ ഫാത്തിമ നഹ്ലയും (16) ഇന്നലെ വൈകീട്ടോടെ വീട്ടില്‍ നിന്ന് യാത്ര തിരിച്ചത്. ഇവരുടെ അടുത്ത ബന്ധുവും കുണ്ടായിത്തോട് കല്ലേരിപ്പാറ സ്വദേശിയുമായ ഹംസ കോയയുടെ മകന്‍ ഹാരിസിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായാണ് ഇവര്‍ പുറപ്പെട്ടത്. എന്നാല്‍ ആ യാത്ര ഒരു ട്രെയിനിന്റെ രൂപത്തില്‍ തങ്ങളുടെ ജീവന്‍ തന്നെ അപഹരിക്കാനുള്ളതായിരുന്നുവെന്ന് അവര്‍ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല.

ഇന്നലെ വൈകീട്ട് അഞ്ചോടെ റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരിച്ച ചാലില്‍ ഹൗസില്‍ നിസാറിന്റെ ഭാര്യ നസീമ, മകള്‍ ഫാത്തിമ നഹ്ല എന്നിവരുടെ വിയോഗമാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയത്. 

പാത്തേയിയും നസീമയും ഫാത്തിമ നഹ്ലയും ഒരുമിച്ചാണ് വിവാഹ സല്‍ക്കാരത്തിന് പുറപ്പെട്ടത്. ബസ് ഇറങ്ങി റെയില്‍ പാളം ആദ്യം മുറിച്ചു കടന്നത് പാത്തേയി ആണ്. എന്നാല്‍ ട്രെയിന്‍ വരുന്നത് കണ്ട് രണ്ടു പേരോടും പാളത്തിലേക്ക് ഇറങ്ങരുതെന്ന് പാത്തേയി പറഞ്ഞെങ്കിലും വൈകിപ്പോയിരുന്നു. ട്രാക്കിലൂടെ വന്ന കൊച്ചുവേളി- ഛണ്ഡീഗഡ് സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസ് ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ പതറി പോയ പാത്തേയ് വിവാഹ വീട്ടില്‍ ചെന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 

കിണാശ്ശേരി ഗവ. സ്‌കൂളിലെ വി.എച്ച്.എസ്.ഇ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നഹ്ല. സഹോദരി: ഫാത്തിമ നിഹാല. നസീമയുടെ സഹോദരങ്ങള്‍: നാസര്‍, ഷിഹാബ്, സീനത്ത്. ഖബറടക്കം ഇന്ന് ഉച്ചക്ക് മാത്തറ പള്ളിയില്‍.

Post a Comment

أحدث أقدم
Join Our Whats App Group