Join News @ Iritty Whats App Group

ലാലു പ്രസാദ് യാദവിനെതിരെ അറസ്റ്റ് വാറണ്ട്; നടപടി ആയുധ നിയമപ്രകാരം


ആർജെഡി അധ്യക്ഷനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് അറസ്‌റ്റ് വാറണ്ട്. മധ്യപ്രദേശിലെ ഗ്വാളിയോറിലെ എംപി- എംഎൽഎ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഗ്വാളിയോറിലെ എംപി- എംഎൽഎ പ്രത്യേക കോടതിയിൽ 26 വർഷമായി നിലവിലുള്ള ആയുധ നിയമ കേസിലാണ് അറസ്‌റ്റ് വാറണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പു പ്രചരണത്തിൽ സജീവമാകുന്നതിനിടെയാണ് ലാലു പ്രസാദ് യാദവിന് തിരിച്ചടിയായി അറസ്റ്റ് വാറണ്ട്. 1998ൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ലാലു പ്രസാദ് യാദവിനു വേണ്ടി അഭിഭാഷകരാരും ഹാജരായിരുന്നില്ല. 1995-97 കാലഘട്ടത്തിൽ അനധികൃതമായി ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങിയെന്നാണ് ലാലു പ്രസാദ് യാദാവിന് എതിരായ കേസ്.

കേസിൽ പ്രതിയായ അനധികൃത ആയുധ വിൽപനക്കാരനായ രാജ് കുമാർ ശർമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലാലു പ്രസാദ് യാദവിനെ പ്രതി ചേർത്തിരിക്കുന്നത്. ഗ്വാളിയറിലെ ആയുധക്കച്ചവടക്കാരിൽ നിന്നു വാങ്ങിയ തോക്കുകൾ ബിഹാറിൽ ലാലു പ്രസാദ് യാദവിനു മറിച്ചു വിറ്റുവെന്നായിരുന്നു മൊഴി. പിതാവിൻ്റെ പേരിലുള്ള വ്യത്യാസം കാരണം പ്രതി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവാണോ എന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു. പ്രതി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവാണെന്ന നിഗമനത്തിലാണ് കേസ് എംപി- എംഎൽഎ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.

കേസിൽ പ്രതിയായ ലാലു യാദവിൻ്റെ പിതാവിൻ്റെ പേര് കുന്ദ്രിക സിങ് എന്നാണ്. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പിതാവിന്റെ പേര് കുന്ദൻ റായി എന്നാണ്. പ്രതിയുടെ പിതാവിന്റെ പേര് ഒഴിവാക്കിയാണ് കേസിൽ ഒളിവിലുള്ള പ്രതികളുടെ പട്ടിക ഇത്തവണ പൊലീസ് കോടതിയിൽ സമർപ്പിച്ചത്. നേരത്തെ ജനുവരി 30ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ലാലു പ്രസാദ് യാദവിനെ ഏകദേശം 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു

Post a Comment

أحدث أقدم
Join Our Whats App Group