കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ വരും ദിവസങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നു സൂചന.
നിലവില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരെ വിളിപ്പിക്കുന്നത്. സിഎംആര്‍എല്‍ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
ഫോണ്‍ കോള്‍ റെക്കോര്ഡുകളക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം
അതേസമയം, ഇഡി നടപടികള്‍ ചോദ്യം ചെയ്ത് കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍ ലിമിറ്റഡ് എംഡി ശശിധരന് കര്‍ത്തയടക്കം നല്കിയ ഉപഹര്‍ജി ഹൈക്കോടതി മധ്യ വേനലവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും പ്രായാധിക്യവും ചൂണ്ടിക്കാട്ടി ശശിധരന് കര്‍ത്തയും ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ 24 മണിക്കൂറിലേറെ തടങ്കലില്‍ വച്ച് നിയമ ലംഘനം നടത്തുകയും മാനസികമായി പിഡിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് മാറ്റിയത്.
ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇഡി സമയം തേടി. വീണ്ടും പരിഗണിക്കും മുമ്പ് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ചില രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന് ഹർജിക്കാരും വ്യക്തമാക്കി.
ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും സിസിടിവി ദൃശ്യങ്ങളുമടക്കം ചില രേഖകള്‍ ഹാജരാക്കാന്‍ നേരത്തെ കേസ് പരിഗണിക്കവേ കോടതി ഇഡിക്ക് നിര്‍ദേശം നല്‍കിയിരുന്നു.
إرسال تعليق