Join News @ Iritty Whats App Group

'പ്രവാസിയുടെ ബന്ധുവോ, സുഹൃത്തോ ആണോ? ഒരു കോൾ വരാൻ സാധ്യത, പറയുന്നത് ഒറ്റ കാര്യം', ജാഗ്രത പാലിക്കണമെന്ന് പൊലീസ്


തിരുവനന്തപുരം: വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണില്‍ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസ്. പ്രവാസികളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ നമ്പര്‍ ശേഖരിച്ച ശേഷം അവരെ ബന്ധപ്പെട്ടാണ് ഇത്തരം സംഘം തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. 

'വിദേശത്തുള്ള സുഹൃത്തോ ബന്ധുവോ അവിടെ നിയമലംഘനത്തിന് തടവിലാണെന്നും മോചനത്തിനായി അടിയന്തരമായി പണം നല്‍കണമെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെടും. ഇക്കാര്യങ്ങള്‍ വിശ്വസിപ്പിക്കുന്നതിനായി പൊലീസ് ഓഫീസര്‍ എന്ന് തെളിയിക്കുന്ന വ്യാജ ഐഡി കാര്‍ഡ്, കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ എന്നിവ തട്ടിപ്പുകാരന്‍ അയച്ചു നല്‍കും.' തുടര്‍ന്ന് വ്യാജ പൊലീസ് യൂണിഫോം ധരിച്ച് സ്‌കൈപ്പ് വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയുമാണ് ഇത്തരം സംഘങ്ങള്‍ ചെയ്യുന്നതെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്നുവീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തില്‍ വേര്‍തിരിവും സ്പര്‍ധയും സംഘര്‍ഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശത്തോടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസെന്ന് പൊലീസ് അറിയിച്ചു. 

പൊലീസ് അറിയിപ്പ്: 'ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരു മണിക്കൂറിനകം തന്നെ വിവരം 1930ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.'

Post a Comment

أحدث أقدم
Join Our Whats App Group