Join News @ Iritty Whats App Group

കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നാല് മാസമായി വെന്റിലേറ്ററില്‍ കഴിഞ്ഞ നവജാതശിശു മരിച്ചു


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരുന്ന നവജാതശിശു മരിച്ചു. പുതുപ്പാടി സ്വദേസികളായ ഗിരീഷ്-ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ നാല് മാസമായി കുഞ്ഞ് വെന്റിലേറ്ററിലായിരുന്നു. താലൂക്ക് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലമാണു നവജാതശിശു ഗുരുതരാവസ്ഥയില്‍ ആയതെന്നു ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ ബിന്ദു ആരോഗ്യമന്ത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഡിഎംഒ, കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു.

ഡിസംബര്‍ 13 നായിരുന്നു പ്രസവവേദനയെ തുടര്‍ന്ന് ബിന്ദുവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ഈ സമയം കുട്ടിയുടെ തല പുറത്തേക്ക് വരുന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ അടിയന്തര പരിചരണം നല്‍കാതെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സുമാര്‍ കുട്ടി പുറത്തേക്കു വരാതിരിക്കാന്‍ ഉടുത്തിരുന്ന പാവാട വലിച്ച് കീറി കെട്ടി ആംബുലന്‍സില്‍ കയറ്റി വിടുകയായിരുന്നുവന്നാണു ബിന്ദു പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി പ്രസവം നടന്നെങ്കിലും ശ്വാസം കിട്ടാതെ തലച്ചോറിനു ക്ഷതം സംഭവിച്ച് അബോധാവസ്ഥയിലായിരുന്നു കുട്ടി. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിയുടെ തലഭാഗം നേരെ അല്ലാത്തതിനെ തുടര്‍ന്ന് ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു എന്നാണു സംഭവത്തില്‍ താലൂക്ക് ആശുപത്രി അധികൃതരുടെ പ്രതികരണം.

Post a Comment

أحدث أقدم
Join Our Whats App Group