Join News @ Iritty Whats App Group

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ചു, പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു ; രണ്ടു മരണത്തിലും ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നു, ആശുപത്രികള്‍ വിവാദത്തില്‍


കൊടുങ്ങല്ലൂര്‍/ചാലക്കുടി: രണ്ടിടങ്ങളിലായി പ്രസവത്തെ തുടര്‍ന്നും പ്രസവം നിര്‍ത്താന്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടയിലും യുവതികള്‍ മരണമടഞ്ഞ സംഭവത്തില്‍ ആശുപത്രികള്‍ക്കെതിരേ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നു. കൊടുങ്ങല്ലൂരിലും ചാലക്കുടിയിലുമായിട്ടായിരുന്നു സംഭവങ്ങള്‍.

കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞു. ചെന്ത്രാപ്പിന്നി അലുവത്തെരുവ് പടിഞ്ഞാറുഭാഗം കുട്ടോടത്തു പാടം വീട്ടില്‍ അഷിമോന്റെ ഭാര്യ കാര്‍ത്തിക(28) ആണ് മരണമടഞ്ഞത്. പ്രസവശേഷമുണ്ടായ അണുബാധയെത്തുടര്‍ന്നു യുവതി മരിച്ചതു ചികിത്സാപ്പിഴവ് മൂലമാണെന്നു ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ മാസം 25നാണ് കാര്‍ത്തിക കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പെണ്‍കുഞ്ഞിനു ജന്മംനല്‍കിയത്.

നാലു ദിവസത്തിനുശേഷം അസ്വസ്ഥത തോന്നിയ ഇവരെ ഒന്‍പതു ദിവസത്തിനുശേഷമാണു സ്‌കാനിങ്ങിനു വിധേയയാക്കിയതെന്നു പറയുന്നു. ഗുരുതരമായ രീതിയില്‍ പഴുപ്പു കണ്ടതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. അവിടെ നടത്തിയ സ്‌കാനിങ്ങില്‍ അവസ്ഥ അതീവ ഗുരുതരമാണെന്നു വ്യക്തമായി. തുടര്‍ന്നു തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മരിച്ചു.

ശ്വാസകോശം ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളെ പഴുപ്പു ബാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞുവെന്നു ബന്ധുക്കള്‍ അറിയിച്ചു. കൊടുങ്ങല്ലൂര്‍ ആശുപത്രിയിലുണ്ടായ പിഴവ് മരണകാരണമായെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. കുഞ്ഞ് സുരക്ഷിതയാണ്. കാര്‍ത്തികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നു വൈകിട്ടു വീട്ടില്‍ കൊണ്ടുവന്നു സംസ്‌കരിക്കും.

ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയയെത്തുടര്‍ന്നു മരണമടഞ്ഞത് മാള പാറപ്പുറം ചക്കിയത്ത് സിജോയുടെ ഭാര്യ നീതു(31) ആണ്. പ്രസവം കഴിഞ്ഞ് ഒന്‍പതുദിവസത്തിനുശേഷമായിരുന്നു ശസ്ത്രക്രിയ. അനസ്‌തേഷ്യ നല്‍കിയതിലുള്ള പിഴവാണ് മരണകാരണമെന്ന് ആരോപിച്ചു യുവതിയുടെ ബന്ധുക്കള്‍ ചാലക്കുടി പോലീസിനു പരാതി നല്‍കി. ചികിത്സാ രേഖകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ചാലക്കുടി പോട്ട പാലസ് ആശുപത്രിയില്‍ കഴിഞ്ഞ എട്ടിനാണ് പ്രസവം നിര്‍ത്താനായുള്ള ശസ്ത്രക്രിയയ്ക്കായി യുവതിയെ പ്രവേശിപ്പിച്ചത്. ഒന്‍പതിന് ഉച്ചയ്ക്കു ശസ്ത്രക്രിയ നടത്താമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കായി അനസ്‌ത്യേഷ്യ നല്‍കിയതോടെ യുവതിക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടു. അബോധാവസ്ഥയിലായ യുവതിയെ ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണു മരണം.

പാലസ് ആശുപത്രിയില്‍ അനസ്‌ത്യേഷ്യ നല്‍കിയതിലുള്ള പിഴവാണ് മരണകാരണമെന്നു ചൂണ്ടികാട്ടിയാണു പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. എന്നാല്‍, അനസ്‌തേഷ്യയ്ക്കുശേഷം യുവതി ഫിറ്റ്‌സ് വന്ന് അബോധാവസ്ഥയിലായെന്നും ഉടന്‍തന്നെ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബലന്‍സില്‍ തൃശൂരിലേക്കു റഫര്‍ ചെയ്തിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വിശദീകരിച്ചു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.

Post a Comment

أحدث أقدم
Join Our Whats App Group