Join News @ Iritty Whats App Group

ദുരിതാശ്വാസ ഫണ്ട് തടഞ്ഞുവെയ്ക്കുന്നു ; കേരളത്തിന് പിന്നാലെ തമിഴ്‌നാടും കേന്ദ്രത്തിനെതിരേ സുപ്രീംകോടതിയിലേക്ക്


ചെന്നൈ: അര്‍ഹതപ്പെട്ട ഫണ്ടുകള്‍ തടയുന്നെന്ന് ആരോപിച്ച് കേരളം പോയ വഴിയേ കേന്ദ്രത്തിനെതിരേ തമിഴ്‌നാടും സുപ്രീംകോടതിയിലേക്ക്. ദുരന്തനിവാരണ ഫണ്ട് നീട്ടുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം ശക്തമായ സാഹചര്യത്തിലാണ് തമിഴ്‌നാട് പരമോന്നത നീതിപീഠത്തിന്റെ ഇടപെടല്‍ തേടുന്നത്. വെല്ലൂരിലെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഇക്കാര്യം പറഞ്ഞത്. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട സഹായത്തിനുള്ള സംസ്ഥാനത്തിന്റെ അപേക്ഷ കേന്ദ്രം ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും അത് സ്വീകരിക്കുക പോലും ചെയ്തിട്ടില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ കേന്ദ്രത്തിനെതിരേ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും വ്യക്തമാക്കി. 2023 ഡിസംബറില്‍ ഉണ്ടായ മിഷോംഗ് കൊടുങ്കാറ്റും തമിഴ്‌നാട്ടില്‍ ഉണ്ടായ അതിശക്തമായ മഴയും ഉണ്ടാക്കിയ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നും 38,000 കോടിയുടെ സഹായമാണ് കിട്ടാനുള്ളതെന്ന് തമിഴ്‌നാട് പറയുന്നു. ഇടക്കാല ആശ്വാസമായി 2000 കോടി രൂപയും ബാക്കി സമയബന്ധിതമാക്കി നല്‍കാനും കോടതിയുടെ ഉത്തരവ് തേടുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.

തമിഴ്‌നാടിനെ കേന്ദ്രം ബോധപൂര്‍വ്വം വീണ്ടും വീണ്ടും അഗവണിക്കുകയാണെന്നാണ് കേന്ദ്രസര്‍ക്കാരിനെതിരേ ഡിഎംകെ പ്രസിഡന്റ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഫണ്ടുകള്‍ക്ക് വേണ്ടി തമിഴ്‌നാടിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷകള്‍ അവഗണിക്കപ്പെടുകയാണെന്നും പറഞ്ഞു. അതേസമയം തമിഴ്‌നാടിന് കേന്ദ്രം 5000 കോടി പ്രത്യേകഫണ്ട് അനുവദിച്ചിരുന്നതായിട്ടാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാസീതാരാമന്‍ ചൊവ്വാഴ്ച പറഞ്ഞു. 900 കോടിരൂപ ദുരിതാശ്വാസഫണ്ടും നല്‍കിയെന്നും ഇതെല്ലാം സംസ്ഥാന സര്‍ക്കാര്‍ എവിടെയാണ് ചെലവഴിച്ചതെന്നും ചോദിച്ചു. ബിജെപിയെ അംഗീകാരിക്കാത്ത സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുകയാണെന്ന ആരോപണം തമിഴ്‌നാടും ഉന്നയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group