Join News @ Iritty Whats App Group

നടപടി നേരിട്ട 'ഹരിത' നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം നൽകി മുസ്‍ലിം ലീഗ് നേതൃത്വം

കോഴിക്കോട്: നേരത്തെ സംഘടനാ നടപടി നേരിട്ട 'ഹരിത' നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം ന‌ൽകി. ഫാത്തിമ തഹലിയയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആയി നിയമിച്ചു. മുഫീദ തസ്‌നിയെ ദേശീയ വൈസ് പ്രസിഡന്റായും, നജ്മ തബ്ഷിറയെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്കുമാണ് നിയമിച്ചിരിക്കുന്നത്. 

ഇവർക്ക് പുറമെ 'ഹരിത' വിവാദ കാലത്ത് നടപടി നേരിട്ട എം.എസ്.എഫ് നേതാക്കൾക്കും പുതിയ ഭാരവാഹിത്വം നൽകി. ലത്തീഫ് തുറയൂരിനെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റായും ആഷിഖ് ചെലവൂരിനെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായും നിയമിച്ചു. എം.എസ്.എഫ് സംസ്ഥാന നേതൃത്വം ഉയർത്തിയ എതിർപ്പ് അവഗണിച്ചായിരുന്നു പുറത്താക്കപ്പെട്ട എം.എസ്.എഫ് നേതാക്കളെ മുസ്‍ലിം ലീഗ് നേതൃത്വം തിരിച്ചെടുത്തത്. 

എംഎസ്എഫിന്റെ വനിതാ വിഭാഗമായ 'ഹരിതയുടെ' നേതാക്കൾക്കെതിരെ നേരത്തെ സ്വീകരിച്ച അച്ചടക്ക നടപടികൾ പിൻവലിക്കാനുള്ള തീരുമാനം ആഴ്ചകൾക്ക് മുമ്പാണ് മുസ്‍ലിം ലീഗ് കൈക്കൊണ്ടത്. ഇതോടൊപ്പം ഈ വിവാദ കാലത്ത് ഹരിത നേതാക്കൾക്കൊപ്പം നിന്ന എംഎസ്എഫ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇവരെ തിരിച്ചെടുക്കാനും ഈ സമയത്ത് തീരുമാനമായിരുന്നു. ഇങ്ങനെ നടപടി ഒഴിവാക്കിയ നേതാക്കൾക്ക് പുതിയ ഭാരവാഹിത്വം നൽകിക്കൊണ്ടുള്ള വാർത്താക്കുറിപ്പാണ് ഇപ്പോൾ ലീഗ് നേതൃത്വം പുറത്തിറക്കിയത്. 

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ ഹരിത നേതാക്കൾ നൽകിയ പരാതി ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ഈ കേസിൽ പി.കെ നവാസിന് അനുകൂല നിലപാട് സ്വീകരിക്കാമെന്ന ഉറപ്പിലാണ് ഇവരെ തിരിച്ചെടുക്കുകയും ഭാരവാഹിത്വം നൽകുകയും ചെയ്തത്. എന്നാൽ ഹരിത നേതാക്കൾക്കൊപ്പം നടപടി നേരിട്ട എംഎസ്എഫ് നേതാക്കളെ തിരിച്ചെടുക്കുന്നതിലും അവർക്ക് ഭാരവാഹിത്വം നൽകുന്നതിനും എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിന് വലിയ എതിർപ്പുണ്ടായിരുന്നു. ഇത് അവഗണിച്ചാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

Post a Comment

أحدث أقدم