Join News @ Iritty Whats App Group

ആറളം ഫാമിലെ കാട്ടാനകളുടെ അക്രമം ഫാമിലെ തൊഴിലാളികളും ജീവനക്കാരും തൊഴിലിടത്തിൽ സുരക്ഷിതത്വം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി


ആറളം ഫാമിലെ കാട്ടാനകളുടെ അക്രമം 
ഫാമിലെ തൊഴിലാളികളും ജീവനക്കാരും തൊഴിലിടത്തിൽ സുരക്ഷിതത്വം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി

ഇരിട്ടി: കാട്ടാനകളുടെ അക്രമ ഭീതിയിൽ കഴിയുന്ന ആറളം ഫാമിലെ തൊഴിലാളികളും,ജീവനക്കാരും തങ്ങളുടെ തൊഴിലിടത്തിൽ സുരക്ഷിതത്വം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. തൊഴിലാളികൾ ഓടൻതോടിലെ ഓഫീസിനു മുന്നിലെത്തി ഒപ്പിട്ട ശേഷമാണു മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. 
 
ആറളം ഫാമിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ 80 ശതമാനവും ആറളം ഫാം പുനരധിവാസ മേഖലയിലുള്ള പട്ടികവർഗ്ഗ സ്ത്രീ തൊഴിലാളികളാണ്. ഇവർ 24 മണിക്കൂറും വന്യമൃഗ ഭീക്ഷണിയിലാണ് ജീവിക്കുന്നത്. കാട്ടാന ആക്രമണം ഭയന്ന് തൊഴിലിടങ്ങളിൽ ജോലി ചെയ്യാൻ സാധിക്കാത്ത സ്ഥിതിയിലാണുള്ളത്. ആറളം ഫാമിലും പട്ടികവർഗ്ഗ പുനരധിവാസ മേഖലയിലുമായി കാട്ടാന അക്രമണത്താൽ ഇതുവരെ 14 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. 

ആറളം ഫാമിലെ തൊഴിലിടങ്ങളിൽ നിന്നും കാട്ടാന അക്രമണത്തിൽ തൊഴിലാളികളിൽ പലർക്കും ഗുരുതര പരിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നു. ദിവസവും മരണത്തെ മുഖാമുഖം കണ്ടുകൊണ്ടാണ് ആറളം ഫാമിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം ജോലിക്കിടെ ഒരാളെ കാട്ടാന ആക്രമിച്ച് നട്ടെല്ല് പൊട്ടി ഗുരുതരാവസ്‌ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആസ്‌പത്രിയിൽ വെൻറിലേറ്ററിൽ ചികിൽസയിലാണ്. ആറളം ഫാമിലെ വിളകളിൽ ഭൂരിഭാഗവും ഇതിനോടകം തന്നെ വന്യമൃഗങ്ങളാൽ നശിപ്പിക്കപ്പെട്ടുകഴിഞ്ഞു. ശേഷിക്കുന്നവയിലെ ആദായം പോലും കാട്ടാന ഭീക്ഷണിമൂലം ശേഖരിക്കുവാൻ സാധിക്കുന്നില്ല. അക്കാരണത്താൽ ആറളം ഫാമിന് വരുമാന നഷ്ടം സംഭവിക്കുകയും, തൊഴിലാളികൾക്ക് പണിക്കൂലി പോലും ലഭിക്കാത്ത സ്‌ഥിതി സംജാതമാവുകയും ചെയ്യുന്നു. നിലവിൽ ആറളം ഫാമിൽ അഞ്ച് മാസത്തെ വേതനം ലഭിക്കുവാനുണ്ട്. കൂടാതെ ഇ പി എഫ്, എൽ ഐ സി തുക പോലും രണ്ട് വർഷമായി അടച്ചിട്ടില്ല. 
 
സ്വയം പര്യാപ്തതയിൽ ആയിരുന്ന ആറളം ഫാംനഷ്ടത്തിലേക്ക് കൂപ്പുകുത്തിയതിന്റെ പ്രധാന കാരണം കാട്ടാനകളുടെ അമിതമായ കടന്നുകയറ്റമാണ്. നാലായിരത്തോളം ഏക്കർ വരുന്ന ആറളം ഫാമിൽ നിലവിൽ 70 ൽ അധികം കാട്ടാനകൾ തമ്പടിക്കുന്നുണ്ട്. കാട്ടാനകളെ ആറളം ഫാമിൽ നിന്നും വനത്തിലേക്ക് കൊണ്ടുപോകുന്നതിന് വനം വകുപ്പു സത്വര നടപടി എടുക്കുന്നില്ല. വന്യമൃഗ ശല്യത്താൽ കൃഷി നാശം സംഭവിച്ചതുമൂലം ഇപ്പോൾ ആറളം ഫാം മരുഭൂമിക്ക് സമമായിരിക്കുന്നു. ഏകദേശം 4,000 ത്തോളം ഏക്കർ വരുന്ന ആറളം ഫാമിൽ 70 ൽപരം കാട്ടാനകളാണുള്ളത്.
 
ആറളം ഫാം ആനമതിലിന്റെ ജോലി പുരോഗമിക്കുന്നുണ്ടെങ്കിൽ പോലും ആയത് പ്രാവർത്തികമാകുവാൻ ഇനിയും ഏറെ സമയമെടുക്കും. നിലവിൽ ആനമതിൽ പൂർത്തികരിക്കുവാൻ ബാക്കിയുള്ള ഭാഗത്ത് താൽക്കാലിക സൗരോർജ വേലി നിർമ്മിച്ചിട്ടുള്ളതിനാൽ ആറളം ഫാമിലും പുനരധിവാസ മേഖലയിലും തമ്പടിച്ചിട്ടുള്ള കാട്ടാനകളെ വനത്തിലേക്ക് കയറ്റിയാൽ നിലവിലുള്ള പ്രശ്നം ഒരു പരിധിവരെ പരിഹരിക്കുവാൻ സാധിക്കുന്നതാണ്. കാട്ടാനകളെ തുരത്തി തങ്ങളുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം ലഭിക്കുന്നതിനും, തൊഴിലിടങ്ങളിൽ ഭയരഹിതമായി ജോലി ചെയ്യുന്നതിനുമുള്ള സാഹചര്യം ഉണ്ടാകുന്നതിനുമുള്ള നടപടി ആവശ്യപ്പെട്ടാണ് ആറളം ഫാമിലെ തൊഴിലാളികൾ പരാതി നൽകിയത്. 

ഫാമിലെ തൊഴിലാളികൾ ഒന്നടക്കം ഫാമിൻ്റെ ഓടംതോട് കേന്ദ്ര ഓഫീസിൽ സംഗമിച്ചാണ് ഒപ്പ് ശേഖരണം നടത്തിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. നഷ്ടക്കയത്തിലായ ആറളം ഫാമിനെ രക്ഷിക്കാനും, തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ഫാമിൽ തമ്പടിച്ച കാട്ടാനകളെ തുരത്താതെ കഴിയില്ലെന്നും സർക്കാർ സഹായം അനിവാര്യമാണെന്നും ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിധീഷ് കുമാർ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group