Join News @ Iritty Whats App Group

പ്രധാനമന്ത്രിയുടെ രാജസ്ഥാൻ വിവാദ പ്രസംഗം: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി, വീഡിയോ ഹാജരാക്കാൻ നിര്‍ദ്ദേശം


ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ ബൻസ്വാര ഇലക്ട്രൽ ഓഫീസറോട് ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നൽകാനും നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ്, സിപിഎം അടക്കം പ്രതിപക്ഷ പാർട്ടികൾ പരാമർശത്തിനെതിരെ പരാതി നൽകുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളാരംഭിച്ചത്.  

ഇന്നലെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിദ്വേഷ പ്രസംഗത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമാണെന്നും, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മോദിയെ വിലക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു.

പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിനെതിരെ കോൺഗ്രസ്, പ്രകടന പത്രിക കൂട്ടത്തോടെ മോദിക്ക് അയച്ചു

വിദ്വേഷ പ്രസംഗത്തിനെതിരെ പ്രചാരണത്തിനും കോൺഗ്രസ് തുടക്കമിട്ടു. പ്രധാനമന്ത്രി ആക്ഷേപമുന്നയിച്ച പ്രകടനപത്രിക കോൺഗ്രസ് സ്ഥാനാര്‍ത്ഥികൾ കൂട്ടത്തോടെ പ്രധാനമന്ത്രിക്കയച്ചു. വിദ്വേഷ പ്രസംഗത്തിനെതിരെ ഒപ്പ് ശേഖരണവും തുടങ്ങി. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകാനാണ് നീക്കം. കൂടിക്കാഴ്ചയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ സമയം തേടിയിട്ടുണ്ട്. എന്നാൽ കത്തിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പ്രതികരിച്ചു. 

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രസംഗമാണ് വലിയ വിവാദത്തിലായത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓര്‍മ്മപ്പെടുത്തുവെന്നവകാശപ്പെട്ടായിരുന്നു മോദിയുടെ വാക്കുകൾ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കും, കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും. അമ്മമാരുടെയും,സഹോദരിമാരുടേയും സ്വര്‍ണ്ണത്തിന്‍റെ കണക്കെടുപ്പ് നടത്തി അത് മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി പറഞ്ഞു.

ജാതി സെന്‍സസിനൊപ്പം സാമ്പത്തിക സാമൂഹിക സെന്‍സസും നടത്തുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പ്രഖ്യാപനമാണ് പ്രധാനമന്ത്രി വളച്ചൊടിച്ചതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ അടുത്ത ഘട്ടം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മോദി നടത്തിയ പരാമര്‍ശം ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group