Join News @ Iritty Whats App Group

രാജസ്ഥാനിലെ പ്രധാനമന്ത്രിയുടെ പ്രസംഗം ; വിമര്‍ശിച്ച ന്യൂനപക്ഷ മോര്‍ച്ചാനേതാവിനെ ബിജെപി പുറത്താക്കി


ജയ്പൂര്‍: മുസ്‌ളീംവിരുദ്ധ പരാമര്‍ശം ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി രാജസ്ഥാനില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം വന്‍ വിവാദം വിളിച്ചുവരുത്തുമ്പോള്‍ അതില്‍ അതൃപ്തി പ്രകടിപ്പിച്ച പാര്‍ട്ടിപ്രവര്‍ത്തകനെ ബിജെപി പുറത്താക്കി. ബിക്കാനീറിലെ ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ ഘാനിയെയാണ് പ്രതിച്ഛായ കളങ്കപ്പെടുത്തി എന്നാരോപിച്ച് ബിജെപി പുറത്താക്കിയത്.

രാജസ്ഥാനില്‍ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സംസാരിച്ചതിന് പിന്നാലെയാണ് ബിജെപി പ്രവര്‍ത്തകനെ പുറത്താക്കിയത്. മുസ്ലീങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, ഒരു മുസ്ലീമായതിനാല്‍ പ്രധാനമന്ത്രി പറഞ്ഞതില്‍ നിരാശയുണ്ടെന്നായിരുന്നു ഗനിയുടെ മറുപടി. ബി.ജെ.പിക്ക് വേണ്ടി താന്‍ മുസ്ലീങ്ങളുടെ അടുത്തേക്ക് വോട്ട് ചോദിക്കുമ്പോള്‍, പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളെ കുറിച്ച് സമുദായത്തിലെ ജനങ്ങള്‍ സംസാരിക്കുമെന്നും അദ്ദേഹത്തില്‍ നിന്ന് ഉത്തരം തേടുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ബി.ജെ.പിയോട് ജാട്ട് സമുദായത്തിന് അമര്‍ഷമുണ്ടെന്നും ചുരു ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ അവര്‍ പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തനിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ ഭയപ്പെടുന്നില്ലെന്നും ഗനി പറഞ്ഞിരുന്നു. ഒരു വാര്‍ത്താ ചാനലിനോട് സംസാരിക്കുന്ന ഗാനിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം, മാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ഉസ്മാന്‍ ഗനി ശ്രമിച്ചതായി ബിജെപി സംസ്ഥാന അച്ചടക്ക സമിതി ചെയര്‍മാന്‍ ഓങ്കാര്‍ സിംഗ് ലഖാവത് പറഞ്ഞു.

അടുത്തിടെ ന്യൂഡല്‍ഹിയില്‍ ഒരു വാര്‍ത്താ ചാനലിനോട് സംസാരിക്കവെ, രാജസ്ഥാനിലെ 25 സീറ്റുകളില്‍ മൂന്ന് നാല് ലോക്സഭാ സീറ്റുകളും ബിജെപിക്ക് നഷ്ടപ്പെടുമെന്ന് ഗനി പറഞ്ഞിരുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് റാലികളില്‍ മുസ്ലീങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശങ്ങളെയും അദ്ദേഹം അപലപിച്ചു. പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഉസ്മാന്‍ ഗാനിയുടെ നടപടി പാര്‍ട്ടി മനസ്സിലാക്കുകയും അച്ചടക്ക ലംഘനമായി കണക്കാക്കി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കുകയും ചെയ്തു,'' ലഖാവത്ത് പ്രസ്താവനയില്‍ പറഞ്ഞു. ബിക്കാനീര്‍ ലോക്സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 19നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുസ്ലീങ്ങള്‍ക്ക് സമ്പത്ത് പുനര്‍വിതരണം ചെയ്യുമെന്ന് രാജസ്ഥാനിലെ ബന്‍സ്വാരയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദി ഞായറാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ജനങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group