മലപ്പുറം: ബാങ്ക് ലോക്കറിലേക്ക് മാറ്റാനിരുന്ന സ്വർണമാണ് വീട്ടിൽ നിന്ന് മോഷണം പോയതെന്ന് പൊന്നാനിയിലെ വീട്ടുടമ. പ്രവാസിയുടെ അടച്ചിട്ട വീട്ടിലാണ് മോഷണം നടന്നത്. വീട് കുത്തിതുറന്ന് 350 പവൻ സ്വർണം മോഷ്ടാക്കൾ കവരുകയായിരുന്നു. ഒരാഴ്ചക്കകം ബാങ്ക് ലോക്കറിലേക്ക് മാറ്റാനിരുന്ന സ്വർണമാണ് മോഷണം പോയതെന്ന് വീട്ടുടമ പറയുന്നു. അതേസമയം, സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
വർഷങ്ങളായി ദുബായിൽ ജോലിചെയ്യുന്ന പൊന്നാനി ഐശ്വര്യ തിയേറ്ററിന് സമീപം താമസിക്കുന്ന മണപ്പറമ്പിൽ രാജീവ് കുടുംബസമേതം വിദേശത്താണ് താമസിക്കുന്നത്. മാർച്ചിൽ നാട്ടിലെത്തിയ രാജീവ് രണ്ട് ബാങ്കുകളിലായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ വീട്ടിൽ കൊണ്ടുവന്ന് ലോക്കറിൽ വെക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് നാട്ടിലെത്തുമ്പോൾ ഈ സ്വർണാഭരണങ്ങൾ തിരികെ ബാങ്ക് ലോക്കറിലേക്ക് തന്നെ മാറ്റാനായിരുന്നു തീരുമാനം. മാർച്ച് 31ന് രാജീവും മകളും ദുബായിലേക്ക് പോയിരുന്നു. ഇക്കഴിഞ്ഞ ഒമ്പതിനാണ് ഭാര്യയും ഗൾഫിലേക്ക് പോയത്. ഭാര്യയോട് സ്വർണം ബാങ്ക് ലോക്കറിൽ സൂക്ഷിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇത്രയുമധികം സ്വർണം തനിച്ചുകൊണ്ടുപോകാനുള്ള പേടികാരണം വീട്ടിലെ ലോക്കറിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. വോട്ടെടുപ്പിനായി നാട്ടിലെത്തി സ്വർണാഭരണങ്ങൾ ബാങ്കിലേക്ക് മാറ്റാമെന്നായിരുന്നു കുടുംബത്തിന്റെ തീരുമാനം. ഇതിനിടെയാണ് മോഷണം നടന്നത്.
രാജീവിന്റെ മൊബൈലിൽ കണക്ട് ചെയ്ത സിസിടിവി ഞായറാഴ്ച രാവിലെ മുതൽ പണി മുടക്കിയിരുന്നെങ്കിലും സാധാരണ ഗതിയിലുള്ള കേടുപാടുകളാവുമെന്ന കണക്കുകൂട്ടലിലായിരുന്നു. എന്നാൽ വിഷു ആയതിനാൽ വീട് വൃത്തിയാക്കാനായി ശനിയാഴ്ച ഉച്ചയോടെ ജോലിക്കാരി എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീട് അടച്ചിടുന്നതിനാൽ സാധാരണ ഗതിയിൽ ഇവിടെ സ്വർണവും പണവും സൂക്ഷിക്കാറില്ലെന്ന് രാജീവ് പറഞ്ഞു. എന്നാൽ ആഴ്ചകൾക്കകം തിരികെയെത്തുമെന്നതിനാൽ വീടിനകത്ത് തന്നെ സ്വർണാഭരണങ്ങൾ സൂക്ഷിക്കുകയായിരുന്നു. ദുബൈയിൽ കമ്പനി നടത്തുകയാണ് രാജീവ്. അതേസമയം, വലിയ കവർച്ചയായതിനാൽ തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്.
إرسال تعليق