Join News @ Iritty Whats App Group

കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ച സംഭവം; പൊലീസിനെതിരെ വ്യാപക വിമർശനം, പോസ്റ്റ്‌മോർട്ടം വിവരങ്ങൾ ഇന്നറിയും


കൊച്ചി: പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ കയറിൽ കുരുങ്ങി മരിച്ച സ്കൂട്ടർ യാത്രികന്റെ പോസ്റ്റ്‌മോർട്ടം വിവരങ്ങൾ ഇന്ന് പുറത്ത് വരും. അമിത വേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ കയർ കെട്ടിയ രീതിയിൽ പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് വ്യാപകമായി ഉയരുന്ന വിമർശനം. കയര്‍ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ്‌ ഉണ്ണിയാണ് മരിച്ചത്. 

പൊലീസിന്റെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടില്ലെന്ന് കൊച്ചി കമ്മിഷണർ പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്തു പ്രോട്ടോകോൾ പ്രകാരമുള്ള സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മരിച്ച മനോജ്‌ ഉണ്ണിക്ക് ലൈസൻസ് ഇല്ലെന്നും പൊലീസ് പറഞ്ഞു. യുവാവ് മദ്യപിച്ചാണ് വണ്ടിയോടിച്ചതെന്ന് നേരത്തെ പൊലീസ് പറഞ്ഞിരുന്നു. കൂട്ടുകാർക്കൊപ്പം മദ്യപിക്കവെ അമ്മ വിളിച്ചപ്പോഴാണ് മനോജ് പോയതെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഈ ആരോപണം മനോജിന്‍റെ സഹോദരി ചിപ്പി നിഷേധിച്ചു. പൊലീസ് പറഞ്ഞത് തെറ്റാണെന്നും ഡോക്ടര്‍ പറഞ്ഞത് മനോജിന്‍റെ രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യമില്ലെന്നാണെന്നും ചിപ്പി വിശദീകരിച്ചു. 

പൊലീസ് റോഡിന് കുറുകെ കയര്‍ കെട്ടിയത് കാണുന്ന രീതിയില്‍ ആയിരുന്നില്ലെന്നും കയര്‍ കെട്ടിയത് കാണുന്നതിനായി അതിന് മുകളില്‍ മുന്നറിയിപ്പായി ഒരു റിബണ്‍ എങ്കിലും കെട്ടിവെക്കാമായിരുന്നുവെന്നും ചിപ്പി പറഞ്ഞു. രാവിലെ വരെയും പ്രദേശത്ത് തെരുവു വിളക്കുകള്‍ കത്തിയിരുന്നില്ല. മന്ത്രിമാരുടെ സുരക്ഷയ്ക്ക് എന്തുവേണമെങ്കിലും ഒരുക്കിക്കോട്ടെ. അതോടൊപ്പം ജനങ്ങളുടെ സുരക്ഷയും കൂടി പരിഗണിക്കണമെന്നും ചിപ്പി പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു അപകടം. റോഡിൽ തലയടിച്ചു വീണ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാര്‍ മനോജ് ഉണ്ണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി ഒന്നരയോടെയാണ് മരിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group