കോഴിക്കോട്: വെള്ളായണി കാർഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലബോറട്ടറിയിൽ നടത്തിയ 62-ാമത് പരിശോധനാ ഫലത്തിൽ മൂന്നു ജില്ലകളിൽനിന്നു ശേഖരിച്ച 192 പഴം-പച്ചക്കറി സാമ്പിളുകളിൽ 27 എണ്ണത്തിൽ കീടനാശിനികളുടെ അംശം അനുവദനീയമായ പരിധിക്കു മുകളിൽ കണ്ടെത്തി.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ നടത്തിവരുന്ന ‘സേഫ് ടു ഈറ്റ്’ പദ്ധതിയുടെ ഭാഗമായി 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിച്ച് നൽകിയ പഴം- പച്ചക്കറി സാമ്പിളുകളിലെ കീടനാശിനി അവശിഷ്ട വിഷാംശങ്ങളുടെ റിപ്പോർട്ടാണു പുറത്തുവന്നിരിക്കുന്നത്.
കൊല്ലം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലെ 19 ബ്ലോക്കിൽനിന്ന് ഏഴ് മുനിസിപ്പാലിറ്റികളിൽ നിന്നുമായാണ് സാമ്പിളുകൾ ശേഖരിച്ചത്. കീടനാശിനി അവശിഷ്ട വിഷാംശം കണ്ടെത്തിയവയിൽ 12.21 ശതമാനം പച്ചക്കറികളും, 18.03 ലശതമാനം പഴവർഗങ്ങളുമാണ്. കാപ്സിക്കം, ചുരയ്ക്ക, സാന്പാർ മുളക്, പച്ചമാങ്ങ, പച്ചമുളക്, കറിവേപ്പില, പടവലം, വെണ്ട, കോവയ്ക്ക, പയർ, സലാഡ് വെള്ളരി എന്നീ പച്ചക്കറികളിലാണ് കീടനാശിനി സാന്നിധ്യം ഭക്ഷ്യ സുരക്ഷാ വകുപ്പ് നിശ്ചയിച്ചിരിക്കുന്ന അനുവദനീയ പരിധിക്ക് മുകളിലായി കണ്ടെത്തിയത്.
പഴവർഗങ്ങളിൽ മുന്തിരി (പച്ച/ചുവപ്പ്), പേരയ്ക്ക, ആപ്പിൾ, തണ്ണിമത്തൻ, ഡ്രാഗണ്‍ ഫ്രൂട്ട്, എന്നിവയിലാണ് അനുവദനീയ പരിധിക്ക് മുകളിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. കണ്ടെത്തിയവയിൽ 16 കീടനാശിനികളും കുമിൾനാശിനികളും ഒരു കളനാശിനിയും ഉൾപ്പെടുന്നു. മലയാളികളുടെ ഭക്ഷണ വിഭവങ്ങളിൽ ഒഴിവാക്കാനാവാത്ത കറിവേപ്പില തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നാണ് കൂടുതലായും കേരളത്തിലേക്ക് എത്തുന്നത്. കൊല്ലം കോർപറേഷനു കീഴിലുള്ള പോളയത്തോട്ടെ ഒരു കടയിൽനിന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ച കറവിവേപ്പിലയിൽ 10 ഇനം കീടനാശിനികളുടെ സാന്നിധ്യമാണ് അനുവദനീയമായ പരിധിക്കു മുകളിൽ കണ്ടെത്തിയത്.
പ്രൊഫെനോഫോസ്, എത്തയോണ്‍, ബൈഫെന്ത്രിൻ, ഫെൻപ്രൊപാത്രിൻ, ലംബ്ഡാ സൈഹാലോത്രിൻ, അസഫേറ്റ്, അസറ്റാമിപ്രിഡ്, ക്ലോതയാനിഡിൻ, പൈറിപ്രോക്സിഫെൻ എന്നിവയുടെ അംശമാണ് കറിവേപ്പിലയിൽ ഉണ്ടായിരുന്നത്. ചുരയ്ക്കയിൽ തയാക്ലോപ്രിഡ്, അസഫേറ്റ് എന്നിവയുടെ അംശവും കണ്ടെത്തി.
പച്ചമുളകിൽ എത്തയോണ്‍, പ്രോപ്പികോണാസോൾ, പെന്റിമെത്തലിൽ എന്നീ കീടനാശിനികളുടെ അംശവും പേരയ്ക്കയിൽ ക്ലോത്തയാനെഡിൻ, പ്രൊഫെനോഫോസ്, അസഫേറ്റ്, തയാമെത്തോക്സം എന്നീ കീടനാശിനികളുടെ അവശിഷ്ടവും പരിധിയിൽ കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. പച്ചമാങ്ങയിൽ കണ്ടെത്തിയത് ഇമിഡാക്ലോപ്രിഡ്, സൈഫ്ലത്രിൻ എന്നീ വിഷാംശമാണ്. ഡ്രാഗണ്ഫ്രൂട്ടിൽ മെറ്റലാക്സിൽ എന്ന കീടനാശിനിയുടെ സാന്നിധ്യമാണു കൂടുതലായി കണ്ടത്.
إرسال تعليق