കൊച്ചി: എക്‌സാലോജിക്ക് മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ ഇഡി ചോദ്യം ചെയ്യുന്നു. രണ്ട് തവണ സമന്‍സ് നല്‍കിയിട്ടും കര്‍ത്ത ഇ.ഡി ഓഫീസില്‍ ഹാജരായിരുന്നില്ല. ആദ്യ സമന്‍സില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂട്ടിക്കാട്ടിയായിരുന്നു ഹാജരാകാതിരുന്നത്. തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഇഡി സംഘം ചോദ്യം ചെയ്യലിനായി ആലുവയിലെ വീട്ടിലെത്തുകയായിരുന്നു.
നേരത്തെ സിഎംആര്‍എല്ലിലെ മൂന്ന് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ 24 മണിക്കൂറോളം നീണ്ടിരുന്നു. ഒരു വനിത ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലാണ് നീണ്ടത്. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനെത്തിയ ഇവര്‍ ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് മടങ്ങിയത്. കൂടുതല്‍ സിഎംആര്‍എല്‍ ജീവനക്കാര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു.
എക്‌സാലോജിക്കിന് സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി ലഭിച്ചി എന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ വെളിപ്പെടുത്തലാണ് നിലവിലെ കേസിലേക്ക് നയിച്ചിരിക്കുന്നത്. ഐടി സേവനത്തിനുള്ള പ്രതിഫലമാണ് ഈ തുകയെന്ന് പറയുന്നുണ്ടെങ്കിലും എന്താണ് സേവനമെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന ആദായ നികുതി വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്. ഈ സേവനം എന്തായിരുന്നു എന്നതാണ് ഇഡി സിഎംആര്‍എല്‍ ഉദ്യോഗസ്ഥരില്‍ നിന്നും അറിയാന്‍ ശ്രമിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടുള്ള നടപടികള്‍.
إرسال تعليق