പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിൽ വീട്ടമ്മയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കുകളോടെ ചാലിശ്ശേരി സിവിൽ സപ്ലൈസ് ഗോഡൗണിലെ ജീവനക്കാരിയായ ബബിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയും സുഹൃത്തുമായ രാജൻ ചാലിശ്ശേരി പൊലീസിന്‍റെ പിടിയിലായി. ചാലിശ്ശേരി കമ്പനിപ്പടിയിലാണ് ദാരുണസംഭവം. ഇന്ന് പുലർച്ചെ അഞ്ചരക്ക് ശേഷമാണ് രണ്ടു കുട്ടികളുടെ അമ്മയായ ബബിത ആക്രമണത്തിനിരയായത്. ഇരുമ്പ് വടിയുമായി വീട്ടിലെത്തിയ പ്രതി വീട്ടമ്മയെ തലക്കടിച്ചും കുത്തിയും വീഴ്ത്തുകയായിരുന്നു. ഈ സമയത്ത് ബബിതയുടെ ഭർത്താവ് വീട്ടിൽ ഇല്ലായിരുന്നു. ആക്രമിച്ച വിവരം അയൽവാസികളെ പ്രതി തന്നെയാണ് അറിയിച്ചത്.
ഇയാളെ പൊലീസ് പിടികൂടി. പ്രതി രാജൻ, സബിതയുടെ സുഹൃത്തും അയൽ വാസിയുമാണ്. കഴിഞ്ഞ ഒരു മാസമായി ഇവർ ഒരുമിച്ചായിരുന്നു താമസം. നാലു ദിവസം മുമ്പാണ് ബബിത രാജനുമായി തെറ്റി പിരിഞ്ഞ് ഭർത്താവിന്‍റെ അടുത്തേക്ക് തിരിച്ചെത്തിയത്. ഇതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് ഇടയാക്കിയത്. തലക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ തൃശ്ശുരിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമാണ്. പ്രതി ഭർത്താവിന്‍റെ അടുത്ത ബന്ധു കൂടിയാണ്. സംഭവത്തിൽ ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
إرسال تعليق