കോഴിക്കോട്: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ക്രമീകരിക്കാന്‍ നടപടിയുമായി ഇകെ വിഭാഗം സമസ്ത. ജുമുഅ നമസ്കാരത്തിന്‍റെ പേരില്‍ വോട്ടെടുപ്പില്‍ നിന്ന് ആരും വിട്ടുനില്‍ക്കാതിരിക്കാനാണ് സമസ്തയുടെ ഇടപെടല്‍.
ജുമുഅ നമസ്കാരം നടക്കുന്ന വെളളിയാഴ്ചയില്‍ നിന്നും വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.കെ വിഭാഗം സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. വോട്ടെടുപ്പ് ദിവസം മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകാതെ വന്നതോടെയാണ് ജുമുഅ നമസ്കാരത്തിന് പുതിയ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ഇ.കെ വിഭാഗം സമസ്ത മുന്‍കൈയെടുത്തിരിക്കുന്നത്.
സംഘടനക്ക് കീഴിലുള്ള മുഴുവന്‍ പള്ളികളിലും നമസ്കാര സമയം ക്രമീകരിക്കാനുള്ള നിര്‍ദേശം നേതൃത്വം മഹല്ലുകള്‍ക്ക് നല്‍കിയിട്ടുണ്ട്. നിലവില്‍ ഭൂരിഭാഗം പള്ളികളിലും ഏതാണ്ട് ഒരേ സമയത്താണ് നമസ്കാരമുള്‍പ്പെടെ നടക്കുന്നത്. തെരഞ്ഞടുപ്പ് ദിവസം അടുത്തടുത്തുള്ള പള്ളികളില്‍ ഇത് വ്യത്യസ്ഥ സമയമാക്കണമെന്നാണ് നിര്‍ദേശം.
പള്ളികളില്‍ ചുമതലയുള്ള ഖത്തീബുമാരില്‍ തെരഞ്ഞെടുപ്പ് ചുമതലകൾ ഉള്ളവരുണ്ടെങ്കില്‍ പകരം ആളുകളെ മുന്‍കൂട്ടി കണ്ടെത്തണമെന്ന നിര്‍ദേശം സമസ്തക്കു കീഴിലുള്ള സുന്നി മഹല്ല് ഫെഡറേഷന്‍ മഹല്ലു ഭാരവാഹികള്‍ക്ക് നല്‍കിയിട്ടുണ്ട്.വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജുമുഅ നമസ്കാരത്തിന് വേണ്ട സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മഹല്ലുകള്‍ക്ക് പാണക്കാട് ഖാസി ഫൗണ്ടേഷനും നിര്‍ദേശം നല്‍കി.
إرسال تعليق