ചാത്തന്നൂർ: കെഎസ്ആർടിസിയിൽ ഷെഡ്യൂൾ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാർ ഹാജരായില്ലെങ്കിൽ ജീവനക്കാരിൽ നിന്നു വരുമാന നഷ്ടം ഈടാക്കും.ബസ്, ക്രൂ മാര്യേജ് സംവിധാനം നടപ്പാക്കും. ഒരു ഷെഡ്യൂൾ ബസിന് നിശ്ചിത ജീവനക്കാരെ നിയോഗിക്കുന്ന സംവിധാനമാണ് ബസ് ക്രൂ മാര്യേജ് സംവിധാനം.
സ്ഥിരം ഈ ഷെഡ്യൂളിന്റെ ഓപ്പറേഷൻ ഈ ജീവനക്കാരുടെ ചുമതലയും ബാധ്യതയുമായിരിക്കും. ഇത്തരത്തിൽ നിയോഗിക്കപ്പെട്ട ജീവനക്കാർ അനധികൃതമായോ മുൻകൂട്ടി അറിയിക്കാതെയോ ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ, ആ ഷെഡ്യൂൾ മുടങ്ങുന്നത് മൂലം കോർപ്പറേഷനുണ്ടാകുന്ന വരുമാന നഷ്ടം ജീവനക്കാരിൽ നിന്ന് ഈടാക്കാനാണ് നീക്കം.
കോർപ്പറേഷനുണ്ടാകുന്ന വരുമാന നഷ്ടം ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന ജീവനക്കാരന്റെ വ്യക്തിഗത ബാധ്യതയായി കണക്കാക്കി നഷ്ടം ഈടാക്കാനാണ് നിർദേശം. യൂണിറ്റ് മേധാവികൾ നഷ്ടം കണക്കാക്കി റിപ്പോർട്ട് തയാറാക്കി സിടിഒ മുഖേന വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർക്ക് അയയ്ക്കണം.
യൂണിറ്റുകളിൽ 50 ശതമാനം എട്ടുമണിക്കൂർ സിംഗിൾ ഡ്യൂട്ടിയും 50 ശതമാനം ഒന്നര ഡ്യൂട്ടി, ഡബിൾ ഡ്യൂട്ടി സർവീസുകളും ഉടൻ നടപ്പാക്കണമെന്നും ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ അധ്യക്ഷനായി ചേർന്ന ഉന്നത തല യോഗം തീരുമാനിച്ചു.
Post a Comment