Join News @ Iritty Whats App Group

‘ദ കേരള സ്‌റ്റോറി’, കേരളത്തിന്റെ നന്മകളോടുള്ള അസൂയ; സംഘപരിവാര്‍ പ്രൊപഗണ്ട; സിനിമയില്‍ നല്ല ഗുണപാഠങ്ങളൊന്നുമില്ലെന്ന് വിടി ബല്‍റാം


കേരളത്തിന്റെ നന്മകളോടുള്ള അസൂയയാണ് ‘ദ കേരള സ്‌റ്റോറി’ സിനിമയെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ഇത് ഒരു നിലക്കും കേരളത്തിന്റെ സ്റ്റോറി അല്ല എന്ന് എത്രയോ തവണ വസ്തുതകള്‍ വച്ച്, കണക്കുകള്‍ വച്ച്, ഈ നാട് വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തേക്കുറിച്ചുള്ള നട്ടാല്‍ക്കുരുക്കാത്ത നുണയാണിത്. കേരളത്തിന്റെ നന്മകളോടുള്ള അസൂയയാണ്, അസഹിഷ്ണുതയാണ് ഇങ്ങനെയുള്ള പ്രൊപഗണ്ട സിനിമകള്‍ പടച്ചുണ്ടാക്കാന്‍ സംഘ് പരിവാറിനെ പ്രേരിപ്പിക്കുന്നതെന്ന് അദേഹം പറഞ്ഞു.

ഈ സിനിമയില്‍ നിന്ന് നല്ല ഗുണപാഠങ്ങളൊന്നും കേരളത്തില്‍ ഒരു വ്യക്തിക്കും ഒരു സമൂഹത്തിനും നേടാനില്ല. പഠിക്കാനുള്ള ഏക പാഠം ഇതുപോലുള്ള വിദ്വേഷ പ്രചരണങ്ങളെ ഈ നാട് ഒന്നിച്ചുനിന്ന് പ്രതിരോധിക്കണം എന്നത് മാത്രമാണ്.
ആ വിവേകം എല്ലാവര്‍ക്കുമുണ്ടാവട്ടെയെന്നും വിടി ബല്‍റാം പറഞ്ഞു.

അതേസമയം, ക്രിസ്ത്യന്‍ രൂപതകള്‍ എന്തിനാണ് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ചോദിച്ചു. സിനിമയുടെ യാതൊരു കലാമൂല്യവും കേരള സ്റ്റോറിക്ക് ഇല്ല. മുസ്ലിം, കമ്യൂണിറ്റ്, കേരള വിരുദ്ധ സിനിമയാണ് കേരള സ്റ്റോറി.

ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് സിപിഎം എതിര്‍ത്തത്. ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള രൂപതയുടെ തീരുമാനം എന്തിനാണെന്ന് അവര്‍ മനസ്സിലാക്കേണ്ടതാണ്. അവര്‍ ആലോചിക്കേണ്ടതാണ്. തിയേറ്ററില്‍ എത്തിയപ്പോള്‍ അധികമാളുകള്‍ കാണാത്ത സിനിമയാണത്. രൂപതകള്‍ സിനിമയുടെ പ്രചാരകരാകരുതെന്നും ഗോവിന്ദന്‍ പറഞ്ഞു.

സിപിഎം വിവാദത്തിന് ഇല്ല. കാണേണ്ടവര്‍ക്ക് കാണാം കാണ്ടാത്തവര്‍ കാണണ്ട. കാണേണ്ട കാര്യമില്ല എന്നതാണ് സിപിഎമ്മിന്റെ നിലപാടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group