കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരായ വ്യാജ പ്രചരണത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെയാണ് കേസെടുത്തത്. ന്യൂ മാഹി പൊലീസാണ് കേസെടുത്തിരിക്കുന്നത്. മുസ്ലീംകൾ വർഗീയവാദികളാണെന്ന് കെ കെ ശൈലജ പറഞ്ഞുവെന്ന് മങ്ങാട് സ്നേഹതീരം വാട്സ് ഗ്രൂപ്പിൽ അസ്ലം പോസ്റ്റ് ഇട്ടിരുന്നു. സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് പോസ്റ്റ് ഇട്ടതെന്നാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. റിപ്പോർട്ടർ അശ്വമേധത്തിൽ കെ കെ ശൈലജ പറഞ്ഞ വാക്കുകൾ എഡിറ്റ് ചെയ്താണ് അസ്ലം പോസ്റ്റ് ചെയ്തത്.
കെകെ ശൈലജ റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നായിരുന്നു വ്യാജ പ്രചരണം. റിപ്പോര്‍ട്ടര്‍ ടിവി കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാര്‍ അവതരിപ്പിക്കുന്ന 'അശ്വമേധം' പരിപാടിയില്‍ മുന്‍ ആരോഗ്യമന്ത്രി മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തിയെന്നാണ് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്.
ഇതിനിടെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ എതിർകക്ഷിയാക്കിക്കൊണ്ടാണ് പരാതി നൽകിയത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയും സമ്മതത്തോടെയും പ്രോത്സാഹനത്തോടെയുമാണ് സൈബർ ആക്രമണം നടത്തുന്നതെന്നാണ് പരാതിയിൽ പറയുന്നു
إرسال تعليق