അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളികൾക്ക് മരണാനന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങൾ എത്തിയിരുന്നത് വ്യാജ മെയിൽ ഐഡിയിൽ നിന്നെന്ന് പൊലീസ്. ഡോൺ ബോസ്‌കോ എന്ന പേരിലാണ് വ്യാജ ഇ-മെയിൽ ഐഡി തയ്യാറാക്കിയിരിക്കുന്നത്. എല്ലാത്തിനും നേതൃത്വം നൽകിയത് നവീനെന്ന നിഗമനത്തിലാണ് പൊലീസ്. ഡിജിറ്റൽ തെളിവുകൾക്ക് ഉണ്ടാകാത്ത വിധം ആസൂത്രിതമായിട്ടാണ് നവീൻ ഓരോ നീക്കങ്ങളും നടത്തിയിരിക്കുന്നത്.
നവീൻ, ഭാര്യ ദേവി, സുഹൃത്തായ ആര്യ എന്നിവരാണ് മരിച്ചത്. ആദ്യം ഇത്തരം ആശയങ്ങളിൽ ആകൃഷ്ടനായത് നവീനാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പ്രത്യേക സ്ഥലത്ത് എത്തി ജീവിതം അവസാനിപ്പിച്ചാൽ മറ്റൊരു ഗ്രഹത്തിൽ പുനർജന്മം ലഭിക്കുമെന്ന് ഇവർ വിശ്വസിച്ചിരുന്നതായാണ് നിഗമനം. അതിനായിരിക്കാം അരുണാചലിലെ സീറോ തിരഞ്ഞെടുത്തതെന്നും പൊലീസ് സംശയിക്കുന്നു. ഈ പ്രദേശത്ത് ഇത്തരം അന്ധ വിശ്വാസങ്ങളുള്ള സംഘങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നും അന്വേഷിക്കുന്നുണ്ട്.
ആര്യ സുഹൃത്തുക്കൾക്ക് മൂന്ന് വർഷം മുമ്പ് പങ്കുവച്ച ഒരു ഇ-മെയിൽ സന്ദേശമാണ് പൊലീസിന്റെ പിടിവള്ളി. ഈ സന്ദേശത്തിൽ അന്യഗ്രഹ ജീവിത്തെ കുറിച്ചാണ് പറഞ്ഞിരുന്നത്. ചില കോഡുകളും ഉണ്ടായിരുന്നു. ഡോൺ ബോസ്ക്കോയെന്ന വ്യാജ മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയിരിക്കുന്നത്. ഈ സന്ദേശം ഫോർവേഡ് ചെയ്യുകയാണ് ചെയ്തത്. മരണ വാർത്ത അറിഞ്ഞതിന് പിന്നാലെയാണ് സന്ദേശം ലഭിച്ച സുഹൃത്തുക്കൾ ഇത് പൊലീസിന് കൈമാറിയത്. ഇ-മെയിലിന്റെ സഹായത്തോടെ ഉറവിടം കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.
കഴിഞ്ഞ മാസം 17ന് കോട്ടയത്തെ വീട്ടിൽ നിന്നുമിറങ്ങിയ നവീനും ഭാര്യയും 10 ദിവസം പലയിടങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. നാല് ദിവസം തിരുവനന്തപരം കഴക്കൂട്ടത്തുണ്ടായിരുന്നു. എവിടെയാണ് താമസിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. പല ദിവസവും മൊബൈൽ ഓഫ് ചെയ്തിരുന്നു. 26ന് ആര്യയെ കണ്ടിട്ടുണ്ട്. അന്നാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്. നവീനാണ് ടിക്കറ്റെടുത്തത്. ഓൺലൈൻ ഇടപാടുകൾ ഒഴിവാക്കാൻ നവീൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കഴക്കൂട്ടത്തുള്ള ട്രാവൽ ഏജൻസിയിൽ നിന്നും മൂന്ന് പേർക്കുള്ള ടിക്കറ്റെടുത്തപ്പോഴും പണമായിട്ടാണ് തുക നൽകിയത്.
യാത്ര വിവരങ്ങൾ വേഗത്തിൽ കണ്ടെത്താതിരിക്കാനായിരുന്നു ഇതെന്ന് പൊലീസ് സംശയിക്കുന്നു. ഹോട്ടൽ മുറിയെടുത്തപ്പോഴും നവീൻ മറ്റുള്ളവരുടെ രേഖകൾ നൽകിയില്ല. ഇതിനിടെ ഞെരുമ്പ് മുറിക്കാനുള്ള ആയുധവും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുമെല്ലാം വാങ്ങിയിരുന്നു. എല്ലാം ആസൂത്രിതമായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ആയുർവേദ ഡോക്ടർ ജോലിവിട്ട നവീനും ഭാര്യ ദേവിയും സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. കേക്ക് വിൽപ്പനയായിരുന്ന വരുമാന മാർഗം. അവരുടെ കൈയിൽ യാത്രക്കുള്ള പണം ഉൾപ്പെടെ എങ്ങനെ വന്നുവെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
إرسال تعليق