കുട്ടികളുടെ ഒന്നാം ക്ലാസ് പ്രായം: ആശങ്കയിൽ മാതാപിതാക്കൾ; സിബിഎസ്ഇ സ്കൂളുകൾക്കും ആശയക്കുഴപ്പം
കോട്ടയം: കുട്ടികളെ ഒന്നാം ക്ലാസിൽ പ്രവേശിപ്പിക്കുന്നതിൽ പ്രായം സംബന്ധിച്ചു നിലനിൽക്കുന്ന ആശയക്കുഴപ്പം മാതാപിതാക്കളെയും സ്കൂൾ അധികൃതരെയും വലയ്ക്കുന്നു. ദേശീയ വിദ്യാഭ്യാസ നിയമപ്രകാരം ആറു വയസ് പൂർത്തിയായ കുട്ടികളെ വേണം ഒന്നാം ക്ലാസിൽ പ്രവേശിപ്പിക്കാനെന്നാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോടു നിർദേശിച്ചിരിക്കുന്നത്. എന്നാൽ, കേരളം അടക്കം ചുരുക്കം ചില സംസ്ഥാനങ്ങൾ ഈ നിർദേശം ഇപ്പോൾ നടപ്പാക്കുന്നില്ല എന്ന നിലപാടിലാണ്.
കേരളത്തിൽ അഞ്ചു വയസ് പൂർത്തിയായവരെ ഒന്നാം ക്ലാസിൽ പ്രവേശിപ്പിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ സിബിഎസ്ഇ സ്കൂളുകളിലേക്കു പ്രവേശനം എങ്ങനെ നടത്തണമെന്നതിൽ സ്കൂൾ അധികൃതരും മാതാപിതാക്കളും ആശയക്കുഴപ്പത്തിലാണ്.
പല സിബിഎസ്ഇ സ്കൂളുകളും ഇക്കാര്യം ചർച്ച ചെയ്യാനായി മാതാപിതാക്കളുടെ യോഗം വിളിച്ചിരുന്നു. ഇപ്പോൾ യുകെജി പിന്നിടുന്ന ആറു വയസ് പൂർത്തിയാകാത്ത കുട്ടികൾക്ക് ഒന്നാം ക്ലാസ് പ്രവേശനം നൽകണോയെന്നതിൽ പല സ്കൂളുകൾക്കും വ്യക്തതയില്ല.
കേരളത്തിലെ സിബിഎസ്ഇ സ്കൂളുകൾ കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം അനുസരിച്ചു കാര്യങ്ങൾ നടത്തണമെന്നാണ് നിയമം. എന്നാൽ, ഇപ്പോൾ സംസ്ഥാന സർക്കാർ പറയുന്ന പ്രകാരം അഞ്ചു വയസിൽ ഒന്നാം ക്ലാസിൽ പ്രവേശനം നൽകിയാൽ ഭാവിയിൽ അതു കുരുക്കായി മാറുമോയെന്ന ആശങ്കയാണ് മാതാപിതാക്കളെ അലട്ടുന്നത്.
ഭാവിയിൽ ബോർഡ് എക്സാമിനും മറ്റും രജിസ്റ്റർ ചെയ്യുന്പോൾ കേന്ദ്ര മാനദണ്ഡപ്രകാരം പ്രായം പൂർത്തീകരിക്കണമെന്ന നിർബന്ധം വന്നാൽ ആ വിദ്യാർഥികൾ അതേ ക്ലാസിൽ വീണ്ടും തുടരേണ്ടിവരും. ഉയർന്ന ക്ലാസുകളിലെത്തിയ ശേഷം അതേ ക്ലാസിൽ വീണ്ടും പഠിക്കേണ്ടിവന്നാൽ അതു വിദ്യാർഥികളിൽ മാനസിക സമ്മർദമുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
إرسال تعليق