കഴിഞ്ഞ ദിവസമാണ് ഗുജറാത്തിലെ പ്രമുഖ്യ വ്യവസായിയും ധനികനുമായ ഭവേഷ് ഭായ് ഭണ്ഡാരിയും ഭാര്യയും 200 കോടിയുടെ സ്വത്തുക്കൾ ദാനം ചെയ്ത് സന്യാസജീവവിതം നയിക്കാൻ തീരുമാനിച്ച വാർത്ത പുറത്ത് വന്നത്. ഇപ്പോഴിതാ ഭണ്ഡാരിയും ഭാര്യയും ഘോഷയാത്രയിൽ തങ്ങളുടെ വിലപ്പെട്ട സ്വത്തുക്കളിൽ പലതും പണവും ആളുകൾക്ക് എറിഞ്ഞുകൊടുക്കുന്ന വീഡിയോയാണ് വൈറലാവുന്നത്.
ഫെബ്രുവരി മാസത്തിലാണ് ഇരുവരും തങ്ങളുടെ 200 കോടി സ്വത്തുക്കൾ സംഭാവന ചെയ്തത്. ഈ മാസം അവസാനത്തോടെ ഇരുവരും സന്യാസം പൂർണമായും സ്വീകരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇവരുടെ മകനും മകളും 2022 -ൽ സന്യാസം സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വ്യവസായിയും ഭാര്യയും സന്യാസം സ്വീകരിക്കാൻ പോകുന്നത്.
പിടിഐ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ഇരുവരും ഘോഷയാത്രയായി സഞ്ചരിക്കുന്നത് കാണാം. ഒപ്പം പണവും മറ്റ് വസ്തുക്കളുമെല്ലാം ആളുകൾക്കിടയിലേക്ക് വലിച്ചെറിയുന്നതും കാണാം. ആളുകൾ അതെല്ലാം എടുക്കുന്നുണ്ട്.
സബർകാന്തയിലെ സാമ്പത്തികമായി നല്ല നിലയിൽ നിൽക്കുന്ന കുടുംബത്തിൽ നിന്നുമാണ് ഭവേഷ് ഭായ് ഭണ്ഡാരി വരുന്നത്. അതിനാൽ തന്നെ കുട്ടിക്കാലം സമ്പന്നതയിൽ തന്നെ ആയിരുന്നു. പിന്നീട് അദ്ദേഹം നിർമ്മാണ വ്യവസായത്തിലേക്ക് തിരിയുകയും അഹമ്മദാബാദിലും സബർകാന്തയിലും ബിസിനസ്സ് ചെയ്യുകയുമായിരുന്നു.
സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ കുടുംബത്തിലുള്ളവർ. എയർകണ്ടീഷണറുകൾ, ഫാനുകൾ, സെൽഫോണുകൾ എന്നിവയുൾപ്പെടെ സകല ഭൗതിക വസ്തുക്കളും ഉപേക്ഷിച്ച് സന്യാസജീവിതം നയിക്കാനാണ് ഭാവേഷ് ഭായിയുടെയും ഭാര്യയുടെയും തീരുമാനമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഭണ്ഡാരി ദമ്പതികളടക്കം മുപ്പത്തിയഞ്ചുപേരാണ് നേരത്തെ ഹിമ്മത്‍നഗറിൽ നടന്ന ഗംഭീരമായ ഘോഷയാത്രയിൽ സന്യാസ ജീവിതം നയിക്കുമെന്ന് വാഗ്ദാനം ചെയ്തത്. 4 കിലോമീറ്റർ നീണ്ടുനിന്ന ഘോഷയാത്രയിൽ ഭാവേഷ് ഭായ് തൻ്റെ 200 കോടിയും നൽകി കഴിഞ്ഞു എന്നും റിപ്പോർട്ടുകൾ പറയുന്നു. ഏപ്രിൽ 22 -ന് ഹിമ്മത്‍നഗറിൽ വച്ച് ദമ്പതികൾ ആജീവനാന്തകാലത്തേക്ക് സന്യാസം സ്വീകരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
إرسال تعليق