തൃപ്പൂണിത്തുറ: ഇന്നലെ അന്തരിച്ച പ്രശസ്ത സംഗീതജ്ഞൻ കെ.ജി. ജയന് (90) കലാകേരളത്തിന്റെ യാത്രാമൊഴി. മൃതദേഹം അന്ത്യകർമങ്ങൾക്കായി ഇന്ന് രാവിലെ 7.30 ഓടെ തൃപ്പൂണിത്തുറ എരൂർ എസ്എംപി കോളനി റോഡിലുള്ള വിൻയാർഡ് മെഡോസിലുള്ള വസതിയിലെത്തിച്ചു.
കച്ചേരികളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും എണ്ണം പറഞ്ഞ ചലച്ചിത്ര ഗാനങ്ങളിലൂടെയും ആസ്വാദക മനം കവർന്ന സംഗീത പ്രതിഭയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ ചലച്ചിത്ര, സംഗീത രംഗത്തെ ഒട്ടേറെ പ്രമുഖർ രാവിലെ മുതൽ എരൂരിലെ വസതിയിലേയ്ക്കെത്തി.
മന്ത്രി പി. രാജീവ്, കെ. ബാബു എംഎൽഎ എന്നിവർ വസതിയിലെത്തി ആദരാഞ്ജലിയർപ്പിച്ചു. വീട്ടിലെ കർമങ്ങൾക്കുശേഷം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് തൃപ്പൂണിത്തുറ സ്റ്റാച്ച്യു ജംഗ്ഷനിലെ ലായം കൂത്തമ്പലത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. അഞ്ച് വരെ തുടരുന്ന പൊതുദർശനത്തിന് ശേഷം 5.30 ഓടെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിൻയാർഡ് മെഡോസിലെ വസതിയിൽ ഇന്നലെ പുലർച്ചെ 5.26 നായിരുന്നു കെ.ജി. ജയന്റെ അന്ത്യം. മകനും നടനുമായ മനോജ് കെ. ജയന്റെ ഭാര്യ ആശ മനോജ് വിദേശത്തായിരുന്നത് കൊണ്ട് സൗകര്യാർഥം സംസ്ക്കാരം ഇന്നത്തേക്ക് മാറ്റിയതിനാൽ മൃതദേഹം ഇന്നലെ രാവിലെ മുതൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
إرسال تعليق