ജയ്‌പൂർ:അജ്മീറിലെ കാഞ്ചൻ നഗർ ഖാൻപുര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളിയിലെ ഇമാമിനെ അജ്ഞാതരായ അക്രമികൾ അടിച്ച് കൊന്നതായി പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മുഹമ്മദ് മാഹിർ (30) ആണ് മരിച്ചത്. കൊലപാതകത്തിൻ്റെ കാരണങ്ങൾ നിലവിൽ അറിവായിട്ടില്ല. വിവരമറിഞ്ഞ് രാംഗഞ്ച് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
കാഞ്ചൻ നഗർ ഖാൻപൂർ ദൊരായി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുഹമ്മദി മദീന മസ്ജിദിലാണ് സംഭവം. റമദാൻ അവധിക്ക് ശേഷം മുഹമ്മദ് മാഹിർ രണ്ട് ദിവസം മുമ്പാണ് അജ്മീറിൽ എത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. 'ശനിയാഴ്ച പുലർച്ചെയോടെ മുഖംമൂടി ധരിച്ച മൂന്ന് അക്രമികൾ പള്ളിയുടെ പിൻവാതിലിലൂടെ അകത്ത് പ്രവേശിച്ചു. ഇവർ മസ്ജിദിലുണ്ടായിരുന്ന കുട്ടികളെ ഭീഷണിപ്പെടുത്തി മാറ്റിനിർത്തി. തുടർന്ന് മാഹിറിനെ വടിയും മറ്റും ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു', പൊലീസ് പറഞ്ഞു.
ചില കുട്ടികളും ഇമാമിനൊപ്പം താമസിച്ചിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ കുട്ടികൾ നിലവിളിച്ച് പുറത്ത് വന്നപ്പോഴാണ് അയൽവാസികൾ കൊലപാതക വിവരം അറിയുന്നത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. ബഹളം വച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അക്രമികൾ പറഞ്ഞതായും മരിക്കുന്നതുവരെ ഇവർ മർദനം തുടർന്നതായും ദൃക്‌സാക്ഷികളായ കുട്ടികൾ പറഞ്ഞു.
പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഇമാമിന്റെ മൃതദേഹം അജ്മീറിലെ ജെഎൽഎൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
إرسال تعليق