കൊച്ചി: മലയാളികളുടെ ഹൃദയവിശാലത ഒരിക്കല്‍ കൂടി ദൃശ്യമായ കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും. ഇരുവിഭാഗത്തിന്റെയും അഭിഭാഷകര്‍ സൗദി കോടതിയില്‍ ഇന്ന് ഹാജരാകും.
സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന മലയാളി കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 34 കോടി രൂപ ദയാധനം, ഇന്ത്യന്‍ എംബസിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് റഹീം നിയമസഹായ കമ്മിറ്റി ഇന്ന് ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ഈദ് അവധി കഴിഞ്ഞ് തുറക്കുന്ന കോടതിയില്‍ രേഖകള്‍ ഹാജരാക്കും. രണ്ടു ദിവസത്തിനകം പണം എംബസിയിലേക്ക് കൈമാറുകയാണ് ലക്ഷ്യം. കോടതിയുടെ അനുമതി കൂടി ലഭിച്ചാല്‍ എംബസി വഴിയാണ് തുക സൗദി കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് നല്‍കുക.
കോടതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ശ്രമം നടക്കുന്നുണ്ട്. മൂന്നു ബാങ്കുകളുടെ അക്കൗണ്ടുകള്‍ വഴിയായിരുന്നു ഇത്രയും വലിയ തുക സമാഹരിച്ചത്. സൗദി കുടുംബത്തിന്റെ അനുമതി പത്രം ഔദ്യോഗികമായി ലഭിക്കുന്നതോടെ ബ്ലഡ് മണിയായ 34 കോടി രൂപ ഇന്ത്യന്‍ എംബസിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് റഹീം നിയമസഹായ കമ്മിറ്റി ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തും.
ഇതിനൊപ്പം ദുരിതജീവിതം കഴിഞ്ഞ് ജയില്‍ മോചിതനാകുന്ന അബ്ദു റഹീമിന് നാട്ടില്‍ പുനരധിവാസത്തിനുള്ള സഹായങ്ങളും സുമനസ്സുകളിലൂടെ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. അബ്ദു റഹീമിനും കുടുംബത്തിനും വീടൊരുക്കി നല്‍കാമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
നിലവിലെ തറവാട് വീട് നില്‍ക്കുന്നിടത്താണ് പുതിയ വീട് നിര്‍മ്മിച്ച് നല്‍കുക. നാട്ടില്‍ മടങ്ങിയെത്തുന്ന റഹീമിന് ജോലി നല്‍കാമെന്ന് ബോബി ചെമ്മണ്ണൂരും അറിയിച്ചിട്ടുണ്ട്. റഹീം തിരിച്ചു വരുന്നത് വരെ ഫണ്ട് സമാഹരണത്തിനായി രൂപീകരിച്ച ട്രസ്റ്റ് നിലനിര്‍ത്താനാണ് തീരുമാനം. അക്കൗണ്ടില്‍ അധികമായി ലഭിച്ച തുക എന്തു ചെയ്യണമെന്നതില്‍ പിന്നീട് തീരുമാനമെടുക്കും.
Ads by Google
إرسال تعليق