കണ്ണൂര്‍: വീട്ടിലെ വോട്ടുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ പരാതിയുമായി യുഡിഎഫ്. 106 വയസായ സ്ത്രീയെ നിര്‍ബന്ധിപ്പിച്ച് വോട്ട് ചെയ്യിച്ചുവെന്നാണ് പരാതി. വയോധികയെ നിര്‍ബന്ധിച്ച് വോട്ട് ചെയ്യിച്ചതിന് തെളിവായി ദൃശ്യങ്ങളടക്കം കൈവശമുണ്ടെന്നാണ് യുഡിഎഫ് വാദം.
പേരാവൂരിലെ 123ആം നമ്പർ ബൂത്തിലാണ് പരാതി. കല്യാണി എന്ന വോട്ടറെ സിപിഎം ബംഗ്ലകുന്ന് ബ്രാഞ്ചംഗം ഷൈമ വോട്ടുചെയ്യാൻ നിർബന്ധിക്കുന്ന വീഡിയോ സഹിതമാണ് യുഡിഎഫ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിന്നെന്നും ആക്ഷേപമുണ്ട്. താൻ വീട്ടിലില്ലാത്ത സമയത്ത് സിപിഎം പ്രവർത്തക കല്യാണിയെ സമ്മർദത്തിലാക്കി വോട്ടുചെയ്യിച്ചെന്ന് ചെറുമകളും പരാതി നൽകിയിട്ടുണ്ട്.
നേരത്തെ കണ്ണൂര്‍ കല്യാശേരിയില്‍ 92കാരിയുടെ വോട്ട് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശൻ നേരിട്ട് ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. ഈ സംഭവത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷനും കിട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരില്‍ അടുത്ത പരാതിയുമായി യുഡിഎഫ് രംഗത്തെത്തിയിരിക്കുന്നത്.
മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്ന വീട്ടിലെ വോട്ട് സംവിധാനത്തില്‍ കണ്ണൂരിലാകെ ക്രമക്കേടാണെന്നാണ് കോൺഗ്രസ് ആരോപണം.
ഇതിനിടെ കണ്ണൂരില്‍ തന്നെ യുഡിഎഫിനെതിരെ കള്ളവോട്ട് പരാതിയുമായി എല്‍ഡിഎഫുമെത്തി. കെ കമലാക്ഷി എന്ന വോട്ടര്‍ക്ക് പകരം വി കമലാക്ഷി വോട്ട് ചെയ്തു എന്നാണ് ആക്ഷേപം. ഇതിന് കോൺഗ്രസ് അനുഭാവിയായ ബൂത്ത് ലെവല്‍ ഓഫീസര്‍ കൂട്ടുനിന്നുവെന്നുമാണ് പരാതി.
إرسال تعليق