കണ്ണൂർ: കണ്ണൂർ ലോക്സഭ സീറ്റില്‍ സ്ഥാനാർഥിത്വം ഉറപ്പായിരിക്കെ യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരനെ നേരിടാൻ മുൻ കോണ്‍ഗ്രസ് നേതാവ് രംഗത്ത്.
മമ്ബറം ദിവാകരനാണ് കണ്ണൂരില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ധർമടത്ത് പിണറായി വിജയനെതിരെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു മമ്ബറം ദിവാകരൻ. 2021ല്‍ അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ മമ്ബറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു.
ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ പാർട്ടി പാനലിനെതിരെ മത്സരിച്ചതിനെ തുടർന്നായിരുന്നു നടപടി. കണ്ണൂർ ഡി.സി.സി അംഗീകരിച്ച കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക പാനലിനെതിരെ ബദല്‍ പാനലില്‍ മത്സരിക്കുകയാണ് അന്നത്തെ ചെയർമാനായിരുന്ന മമ്ബറം ദിവാകരൻ ചെയ്തത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനല്‍ തകർപ്പൻ വിജയം നേടി.
കണ്ണൂർ കോണ്‍ഗ്രസിലെ പ്രബല നേതാവായിരുന്ന മമ്ബറം ദിവാകരൻ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ എതിർപക്ഷക്കാരനായിരുന്നു. മമ്ബറം ദിവാകരനും കെ. സുധാകരനും പല തവണ പ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷ പദവി ഏറ്റെടുത്ത സമയത്ത്, മമ്ബറം ദിവാകരൻ കോണ്‍ഗ്രസിന് അകത്താണോ പുറത്താണോ എന്ന് തനിക്കറിയില്ലെന്ന സുധാകരന്‍റെ പ്രസ്താവന വിവാദമായിരുന്നു.
ഇതിന് മറുപടിയുമായി ദിവാകരൻ രംഗത്തെത്തുകയും ചെയ്തിരുന്നു. താൻ ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയുണ്ടെന്നാണ് അന്ന് സുധാകരന് മമ്ബറം ദിവാകരൻ നല്‍കിയ മറുപടി.
إرسال تعليق