ചേര്‍ത്തല: വീട്ടിലെത്തിയ സെയില്‍സ്മാന്റെ വാക്ക് വിശ്വസിച്ച് ആരോഗ്യം വീണ്ടെടുക്കാനുള്ള ഉപകരണം വാങ്ങിയ വയോധികന് ഗുരുതരമായ അവസ്ഥയിലായി. നാഡികളെ ഉണര്‍ത്തുന്നതെന്ന പേരിലിറക്കിയ വാം അപ്പ് മെഷീന് വാങ്ങിയ ചേര്‍ത്തല ചാലില്നികര്ത്തില് കെ.ഡി. നിശാകരനാണ് കാല് മുറിച്ചുമാറ്റേണ്ട അവസ്ഥയിൽ ആശുപത്രിയിലായത്. ശരീരത്തിലെ നാഡികളെ ഉത്തേജിപ്പിക്കുന്ന മെഷീനാണെന്നാണ് സെയില്സ്മാന് നിശാകരനെ പറഞ്ഞുവിശ്വസിപ്പിച്ചത്.
വൈദ്യുതി ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. വൈദ്യുതി ഓണ്‍ ആക്കുമ്പോള്‍ ഉപകരണം സ്വയം ചൂടാകും. ശരീരത്തിന്റെ ഏതുഭാഗത്തുള്ള നാഡികളാണ് ഉത്തേജിപ്പിക്കേണ്ടതെങ്കില് അവിടെ ഈ ഉപകരണം ചുറ്റിയതിനുശേഷം അതിലുള്ള വയര്‍ വൈദ്യുതിയില്‍ കണക്ട് ചെയ്ത് സ്വിച്ച് ഓണ്‍ ആക്കണം. ഇങ്ങനെ കാലിന്റെ ഭാഗത്തെ നാഡിയുടെ ആരോഗ്യം വീണ്ടെടുക്കാനായി കാലില്‍ ഉപകരണം ചുറ്റിയതിനുശേഷം വൈദ്യുതിയുടെ സ്വിച്ച് ഓണ്‍ ചെയ്തു.
ആദ്യം ചെറുതായി ചൂടായ ഉപകരണം, പെട്ടന്ന് ഉയര്‍ന്ന ചൂടിലെത്തി. അതോടെ കാലില്‍ ഗുരുതരമായ പൊള്ളലേറ്റു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് രണ്ടു ശസ്ത്രക്രിയകള്‍ നടത്തി. ഇതു സംബന്ധിച്ച് മകന് ഒ.എന്‍. സനല്‍കുമാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതി പരിഗണിച്ച പോലീസ് ഇടപെട്ട് ഉത്പന്ന നിര്‍മാതാക്കളായ സ്വകാര്യ കമ്പനി പ്രതിനിധികളെ വിളിച്ചുവരുത്തുകയും നഷ്ടപരിഹാരമായി 1.20 ലക്ഷം രൂപയുടെ ചെക്ക് വാങ്ങിനല്കുകയും ചെയ്തു. എന്നാല്‍, ചെക്കിലെ പിശകുമൂലം പണം ലഭിച്ചില്ല. ഇതു പരിഹരിക്കാന്‍ എറണാകുളത്തെ കമ്പനിയിലേക്കു മകന് സുനില്‍കുമാറിനെ വിളിച്ചുവരുത്തി ഓഫീസ് മുറിയില്‍ പൂട്ടിയിട്ടത്രേ. തുടര്‍ന്ന് നാട്ടുകാര്‍ കൂട്ടമായെത്തിയാണ് പുറത്തിറക്കിയതെന്നും സുനില്‍കുമാര്‍ പറഞ്ഞു.
പ്രായമായ അച്ഛനും അമ്മയും മാത്രം വീട്ടിലുള്ളപ്പോഴാണ് വില്പനക്കാരന് വീട്ടിലെത്തി ഉത്പന്നം വിറ്റതെന്ന് മകന് സനില്‍കുമാറും മരുമകള്‍ ശാരിയും പറഞ്ഞു. വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണത്തിനു സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 850 രൂപ വിലവരുന്ന ഉപകരണമാണ് നിശാകരനു കൊടുത്തത്.
ഇതു തവണകളായി കൊടുത്താല്‍ മതിയെന്ന വ്യവസ്ഥയിലാണ് വില്പന നടത്തിയത്. ജനുവരി 13നാണ് ഇതുവാങ്ങി ഉപയോഗിച്ചത്. തുടര്‍ന്ന് 29 ദിവസമാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ കിടന്നത്.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് കമ്പനി പ്രതിനിധികളെത്തി പോലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ചനടത്തിയതും ചികിത്സാ സഹായമായി 1.20 ലക്ഷത്തിന്റെ ചെക്കു നല്കിയതും.എന്നാല്‍, അശാസ്ത്രീയമായ രീതിയില്‍ ഉപകരണം ഉപയോഗിച്ചതാണ് അപകടത്തിനു കാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
إرسال تعليق