ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പായതിന് പിന്നാലെ പ്രതിഷേധം ശക്തം. യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹര്‍ത്താലും തുടങ്ങിക്കഴിഞ്ഞു. പലയിടത്തും സിഎഎയുടെ പകര്‍പ്പ് കത്തിക്കുകയും ചെയ്തു. രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങുന്നതിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തുവന്നിരിക്കുന്നത്.
വിവാദ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ ഇന്നലെലാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. 2024-ലെ തെരഞ്ഞെടുപ്പിന് മുമ്പ് നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്നാണ് വിലയിരുത്തല്‍. 2019 ഡിസംബറിലാണ് സി.എ.എ. നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. അതിനിടയില്‍ ഭേദഗതിയെ ചോദ്യം ചെയ്ത് കോടതിയുടെ പരിഗണനയിലുള്ളത് 200 ലേറെ ഹര്‍ജികളാണ്.
അതേസമയം രാജ്യത്തിന്റെ പലഭാഗങ്ങളിലും സിഎഎ നടപ്പാക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ നടപ്പാക്കിയതിന് പിന്നാലെ ദില്ലി ഉള്‍പ്പടെയുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതയിലാണ്. വടക്കുകിഴക്കന്‍ ദില്ലി ഉള്‍പ്പടെ മൂന്ന് ജില്ലകളില്‍ പൊലീസ് ജാഗ്രതാ നിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ഷഹീന്‍ബാഗ് ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ നിരീക്ഷണത്തിന് കീഴിലാണ്.
ഉത്തര്‍പ്രദേശിലും കനത്ത സുരക്ഷ നല്‍കിയിട്ടുണ്ട്. അസമില്‍ യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. പലയിടത്തും സിഎഎ പകര്‍പ്പ് കത്തിച്ചു. ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ദില്ലി ജാമിയ മില്ലിഅ സര്‍വ്വകലാശാല എന്നിവിടിങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ദില്ലി ഷഹീന്‍ ബാഗില്‍ പൊലീസിന്റെ ഫ്‌ലാഗ് മാര്‍ച്ച് നടന്നു.
സമൂഹമാധ്യമങ്ങളിലും നിരീക്ഷണം ശക്തമാണ്. കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും വിവിധ മുസ്ലിം ഗ്രൂപ്പുകളും പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. എറണാകുളത്ത് വിവിധയിടങ്ങളില്‍ രാത്രിയില്‍ യുവജന സംഘടനകളുടെ പ്രതിഷേധമുണ്ടായി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ റെയില്‍വേ സംരക്ഷണ സേന തടഞ്ഞു. പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാതായതോടെ ബലം പ്രയോഗിച്ച് നീക്കി.
പലയിടത്തും ഇടതുപക്ഷ യുവജനപ്രസ്ഥാനങ്ങളുടെ പ്രതിഷേധവും നടന്നു. പെരുമ്പാവൂരില്‍ എസ് എഫ് ഐ - ഡിവൈഎഫ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രിയില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു.
إرسال تعليق