വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിയൊരുക്കിയ മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ചെയർമാനുമായ അരവിന്ദ് കെജ്‍രിവാളിനെ ഇന്നലെയാണ് ഇഡി അറസ്റ്റ് ചെയ്തത്.
ഇപ്പോഴിതാ അറസ്റ്റിന് ശേഷം ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അരവിന്ദ് കെജ്‍രിവാൾ. “എന്റെ ജീവിതം തന്നെ രാജ്യത്തിനായി സമര്‍പ്പിച്ചതാണ്, ഇരുമ്പഴിക്ക് പിന്നിലാണെങ്കിലും രാജ്യത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും” എന്നാണ് അരവിന്ദ് കെജ്‍രിവാൾ മാധ്യമങ്ങളോട് പറഞ്ഞത്.
കെജ്‍രിവാളിന്റെ സ്വന്തം വസതിയിലെത്തി നീണ്ട രണ്ടുമണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം മദ്യ നയക്കേസില്‍ ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അരവിന്ദ് കെജ്‌രിവാൾ പിൻവലിച്ചിരുന്നു.
വിചാരണ കോടതിയില്‍ അരവിന്ദ് കെജ്‌രിവാളിനെ ഹാജരാക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി കോടതിയിയെ അറിയിച്ചു.
വിചാരണ കോടതി റിമാന്‍ഡ് അടക്കമുള്ള നടപടികളിലേക്ക് പോകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ സുപ്രീംകോടതിയിലെ ഹര്‍ജി തുടര്‍ന്നിട്ട് കാര്യമില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്. ജസ്റ്റിസ് സഞ‍്ജീവ് ഖന്നയുടെ ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ഹര്‍ജി പിന്‍വലിക്കുന്നതായി കേജ്രിവാളിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി അറിയിച്ചത്. കേജ്രിവാളിന്റെ ഹര്‍ജിക്കെതിരെ ഇഡി തടസ ഹര്‍ജി നല്‍കിയിരുന്നു.
إرسال تعليق