ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ ലീഡര്‍ കെ. കരുണാകരന്റെ മകളുടെ ബി.ജെ.പി. പ്രവേശനം കോണ്‍ഗ്രസിനെ ഞെട്ടിക്കുന്നു. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പി. എന്ന സി.പി.എം. പ്രചാരണത്തെ ചെറുക്കാന്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് പാടുപെടും.
പ്രചാരണം പ്രത്യേകിച്ച് ന്യൂനപക്ഷ വോട്ടര്‍മാരില്‍ സ്വാധീനം ചെല്ലുത്തുമെന്നിരിക്കെ പദ്മജയുടെ ബി.ജെ.പി. പ്രവേശനം ന്യായീകരിക്കാന്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് പാട്‌പെടും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഇടതുപക്ഷത്തിന് കോണ്‍ഗ്രസിനെ അടിക്കാനുള്ള നല്ല വടിയാണ് പദ്മജയുടെ ബി.ജെ.പി. ബന്ധം. പൂക്കോട് വിദ്യാര്‍ഥിയെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കൊന്ന സംഭവത്തില്‍ മുഖം നഷ്ടപ്പെട്ട പാര്‍ട്ടിക്ക് നിനച്ചിരിക്കാതെ കിട്ടിയ സുവര്‍ണാവസരമാണ് പദ്മജ. പാര്‍ട്ടി ഇത് നല്ല രീതിയില്‍ വിനിയോഗിക്കും.
എ.കെ. ആന്റണിയുടെ മകന്റെ ബി.ജെ.പി. പ്രവേശനത്തിന്റെ ചൂടാറും മുമ്പേയാണ് പദ്മജ വേണുഗോപാല്‍ ബി.ജെ.പിയിലേക്ക് കൂടുമാറുന്നത്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി സുരേഷ് ഗോപി മുന്‍െകെ എടുത്താണ് പദ്മജയെ ബി.ജെ.പിയില്‍ എത്തിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി ജയിച്ചാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ പദ്മജയായിരിക്കും ബി.ജെ.പി. സ്ഥാനാര്‍ഥി എന്ന ഉറപ്പും അവര്‍ക്ക് കിട്ടിയിട്ടുണ്ട്.
പദ്മജ ബി.ജെ.പിയിലേക്ക് എന്ന തരത്തില്‍ ഇന്നലെ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ പദ്മജയും അവരുമായി അടുത്ത വൃത്തങ്ങളും ആദ്യം അത് നിഷേധിച്ചു. എന്നാല്‍ രാത്രിയോടെ അവര്‍ തീരുമാനം മാറ്റുകയായിരുന്നു. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയെ പദ്മജ നേരില്‍ കണ്ടതായാണ് സൂചന. ഇന്ന് ബി.ജെ.പി. ആസ്ഥാനത്ത് എത്തി അംഗത്വം എടുക്കും.
2016ലും 2021ലും തൃശൂര്‍ നിയോജക മണ്ഡലത്തില്‍ പദ്മജയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. രണ്ട് തെരഞ്ഞെടുപ്പിലും അവര്‍ തോറ്റു. പാര്‍ട്ടി കാല് വാരിയതാണ് തോല്‍വിക്ക് കാരണമെന്ന് പദ്മജ പരാതി പറഞ്ഞിട്ടും പാര്‍ട്ടി മുഖവിലയ്ക്ക് എടുത്തില്ല.
കരുണാകരന്റെ സ്മാരകത്തിനായി കോടികള്‍ പാര്‍ട്ടി പിരിച്ചിട്ടും നിര്‍മാണം തുടങ്ങാത്തതില്‍ പദ്മജയ്ക്ക് നീരസം ഉണ്ട്. അടുത്ത് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലും അവര്‍ക്ക് കണ്ണ് ഉണ്ടായിരുന്നു. എന്നാല്‍ അത് ലീഗിന് നല്‍കാമെന്ന വാഗ്ദാനത്തില്‍ അവരുടെ ആ സ്വപ്‌നവും പൊലിഞ്ഞു. ഇതെല്ലാം ആണ് പദ്മജയുടെ ബി.ജെ.പി. പ്രവേശനത്തിന്റെ കാരണങ്ങള്‍ എന്ന് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
إرسال تعليق