പെരിങ്ങോം: മാത്തില്‍ വടശേരിയില്‍ പട്ടാപ്പകല്‍ വീട്ടില്‍ ആളില്ലാത്ത സമയത്ത് നാലേകാല്‍ പവന്‍ സ്വർണം കവർന്നു.
വടശേരിമുക്കിലെ ഓട്ടോ ടാക്സി ഡ്രൈവര്‍ കെ. സതീശന്‍റെ വീട്ടിലാണ് ആളില്ലാത്ത മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ 11.30നും ഉച്ചയ്ക്ക് 1.45നും ഇടയിലായിരുന്നു സംഭവം. സതീശന്‍ ജോലിക്കായും ഭാര്യയും മകളും പയ്യന്നൂരിലേക്കും പോയ സമയത്തായിരുന്നു കവർച്ച. വീടുപൂട്ടി താക്കോല്‍ വരാന്തയുടെ ചവിട്ടിയുടെ അടിയില്‍ വച്ചതായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി സതീശന്‍ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിലെ പഴ്സില്‍ സൂക്ഷിച്ചിരുന്ന താലിമാല, വള, ബ്രേസ്‌ലെറ്റ്, മൂന്നു മോതിരങ്ങള്‍ എന്നിവയാണ് കവർന്നത്.
സമീപത്തെ വീടുകളിലെ നിരീക്ഷണ കാമറയില്‍ നിന്നും രണ്ട് നാടോടി സ്ത്രീകളുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സതീശന്‍റെ പരാതിയില്‍ കേസെടുത്ത പെരിങ്ങോം പോലീസ് അന്വേഷണമാരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
إرسال تعليق